വിഴിഞ്ഞം സമരം നിയമസഭ ചർച്ച ചെയ്യും; രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം നിയമസഭയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചർച്ച ചെയ്യും.

പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നൽകി. വിഷയത്തില്‍ രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വിഴിഞ്ഞം പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച മന്ത്രി തല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോട് സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ്.

വിഷയം നിയമസഭ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തിരുന്നു.

മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദു‍റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. തുടർന്ന് സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു.

സമരസമിതി ഇന്നു യോഗം ചേർന്നശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര അറിയിച്ചു.

സമരസമിതിയു‍ം മന്ത്രിസഭാ ഉപസമിതിയും ഇന്നു കൂടിയാലോചന നടത്തുമെന്നും ഒത്തുതീർപ്പിനുള്ള ധാരണയായാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി അക്കാര്യം പ്രഖ്യാപിക്കുമെന്നുമാണ് വിവരം.

സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങളിൽ വ്യക്തത വരാത്തതിനാലാണ് ചർച്ച ഇന്നും തുടരുന്നത്.

Related posts

Leave a Comment