കൊച്ചി ∙ വിഴിഞ്ഞം തുറമുഖ മേലഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി.
സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് ഇന്നു കേസ് പരിഗണിക്കുമ്പോൾ അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു.
അക്രമികൾക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സർക്കാർ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹർജി ബുധനാഴ്ച പരിഗണിക്കുന്നതിനു കോടതി മാറ്റിവച്ചു.
വിഴിഞ്ഞത്തെ സംഘർഷ വിഷയത്തിൽ പൊലീസ് ഇന്നലെ കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വൈദികരടക്കം പദ്ധതി പ്രദേശത്തേയ്ക്ക് അതിക്രമിച്ചു കയറിയെന്നും സംഘർഷമുണ്ടാക്കിയെന്നുമായിരുന്നു സത്യവാങ്മൂലം.
അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്നും പദ്ധതി പ്രദേശത്ത് എത്തിയ വാഹാനങ്ങൾ വൈദികരുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്നുമായിരുന്നു കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. അക്രമത്തിൽ 64 പൊലീസുകാർക്കു പരുക്കേറ്റു. സമരക്കാർ ആംബുലൻസ് ഉൾപ്പെടെ തടഞ്ഞതായും വൈദികരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതായും വ്യക്തമാക്കിയിരുന്നു