മുംബൈ: വലിപ്പത്തിലും വിലയിലും ഏറ്റവും ചെറിയതെന്ന് അവകാശപ്പെടുന്ന ഇലക്‌ട്രിക് കാര്‍ ഇന്ത്യയിലെ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്.
ഇഎഎസ്-ഇ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഒരു നാനോ ഇലക്‌ട്രിക് കാറാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ പിഎംവി ഇലക്‌ട്രിക് ആണ് നാനോ കാര്‍ തയ്യാറാക്കിയത്.
4.79 ലക്ഷം രൂപയാണ് കാറിന്റെ വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന ഇലക്‌ട്രിക് കാറാണിത്.
ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്‌ട്രിക് കാറാണ് ഇഎഎസ്-ഇ. മുതിര്‍ന്നവരായ രണ്ട് പേര്‍ക്കും ഒരു കുട്ടിക്കും കാറില്‍ സഞ്ചരിക്കാനുള്ള സൗകര്യമാണുള്ളത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോ മീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം.
കാര്‍ ഫുള്‍ ചാര്‍ജ് ആകാന്‍ നാല് മണിക്കൂറാണ് പരമാവധി വേണ്ടത്. 2,915 എംഎം നീളവും 1,157 എംഎം വീതിയും 1,600 എംഎം ഉയരവും ഈ കാറിനുണ്ട്.
3 കിലോവാട്ടിന്റെ എസി ചാര്‍ജറും കാര്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നതാണ്. ഏതൊരു 15എ ഔട്ട്‌ലെറ്റില്‍ നിന്നും കാര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പരമാവധി 70 കിലോ മീറ്റര്‍ വേഗതയില്‍ കാറില്‍ സഞ്ചരിക്കാം.
അഞ്ച് സെക്കന്‍ഡിനുള്ളില്‍ 40 കിലോ മീറ്റര്‍ വേഗത വരെ കൈവരിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. അടുത്ത വര്‍ഷം പകുതിയോടെ കാര്‍ പുറത്തിറക്കുമെന്ന് പിഎംവി ഇലക്‌ട്രിക് അറിയിക്കുന്നു.