തിരുവനന്തപുരം: ക്രിസ്‌തുമസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ വിരുന്നില്‍ പങ്കെടുക്കില്ല.
ഇതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് നാളെ ഡല്‍ഹിയ്ക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് രാജ്ഭവനില്‍ ക്രിസ്‌തുമസ് ആഘോഷവും വിരുന്നും നടക്കുന്നത്.
സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടയില്‍, കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നടക്കുന്ന ക്രിസ്‌തുമസ് വിരുന്നിലേക്ക് സര്‍ക്കാരിനെ ക്ഷണിച്ചത്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍, മതനേതാക്കള്‍ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്.
തിരുവനന്തപുരത്ത് ഈ വര്‍ഷം നടന്ന സര്‍ക്കാരിന്റെ ഓണാഘോഷ സമാപന പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ നിന്നെല്ലാം ഗവര്‍ണര്‍ വിട്ടുനില്‍ക്കുകയായിരുന്നു.