കാന്‍ബെറ: ( 03.11.2020) വിയന്നയില്‍ സിനഗോഗിന് പുറത്തായി നടന്ന തീവ്രവാദാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. കഫെകളിലും റെസ്റ്റോറന്റുകളിലും നടന്ന വെടിവെപ്പില്‍ രണ്ട് മരണം. വെടിയേറ്റവരില്‍ ഒരാള്‍ തീവ്രവാദിയാണെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്. ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുന്നതിന് മുമ്ബായി കഫേയിലും മറ്റും എത്തിയവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണോദ്ദേശം ഇതുവരെയും വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അധികൃതര്‍ പറയുന്നത്. രാത്രി എട്ട് മണിക്ക് ശേഷം നിരവധി തവണയാണ് നഗരത്തിലെ തെരുവ് വീഥികളില്‍ അക്രമികള്‍ വെടിയുതിര്‍ത്തത്. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. അജ്ഞാതനായ വ്യക്തി തെരുവിലൂടെ നടന്ന് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
‘തലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഇരകളായിരിക്കുകയാണ് നമ്മള്‍’, വെടിവെപ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഓസ്ട്രിയന്‍ ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു. ‘അക്രമികളില്‍ ഒരാളെ നമ്മള്‍ കീഴ്പ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ ഇപ്പോഴും പുറത്ത് തന്നെയുണ്ട്. അവരുടെ കണ്ണില്‍ നമ്മള്‍ ആയുധങ്ങള്‍ കൈവശമുള്ളവരും തയ്യാറെടുപ്പോടുകൂടിയവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ സജ്ജരായിരിക്കും’, അദ്ദേഹം വ്യക്തമാക്കി.
വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവയ്പ്പ് നടന്നതിനാല്‍ ഇത് യഹൂദ വിരുദ്ധ ആക്രമണമാണെന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് കുര്‍സ് പറയുന്നത്. അതേസമയം, പ്രധാന സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോ എന്ന് വ്യക്തമല്ലെന്ന് വിയന്നയിലെ ജൂത സമൂഹത്തിന്റെ തലവന്‍ ഓസ്‌കര്‍ ഡച്ച് പറഞ്ഞു.