വിമാനത്താവളവികസനം: സ്വകാര്യ പങ്കാളിത്തം അനിവാര്യം, എന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് എം എ യൂസഫലി

ദുബൈ: ( 27.08.2020) വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വികസനം അത്യാവശ്യമാണ്. വിനോദസഞ്ചാരികളടക്കം നമ്മുടെ നാട്ടില്‍ വരണമെങ്കില്‍ നല്ല വിമാനത്താവളം വേണം. കേന്ദ്ര സര്‍ക്കാരിന്റെ വസ്തുവിലാണ് വിമാനത്താവളം എന്നതിനാല്‍ അവര്‍ പറയുന്നവര്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല ലഭിക്കും.

ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ കേന്ദ്രവും കേരളവും തമ്മില്‍ പരിഹരിക്കണം. എയര്‍പോര്‍ട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോള്‍ വികസിപ്പിക്കാത്ത വിമാനത്താവളങ്ങള്‍ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്. അദാനി തന്റെ സുഹൃത്താണ്. വിമാനത്താവള വികസനം ആരു നടത്തണമെന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. തിരുവനന്തപുരം വിമാനത്താവള വികനസനവുമായി ബന്ധപ്പെട്ട് താനുമായി ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ചചെയ്യുമ്ബോള്‍ ഓഹരിപങ്കാളിത്തം എടുക്കുന്നത് സംബന്ധിച്ച്‌ അഭിപ്രായം അറിയിക്കുമെന്നും യൂസഫലി അറിയിച്ചു.

സ്വകാര്യപങ്കാളിത്തത്തോടെയാണ് മിക്കവാറും എല്ലാ വിമാനത്താവളങ്ങളും വികസിപ്പിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 27 രാജ്യങ്ങളില്‍ നിന്നുള്ള 19,600 ഓഹരിയുടമകളാണുള്ളത്. കണ്ണൂരില്‍ 8,313 ഓഹരിയുടമകളുണ്ട്.

ഇനിയും 2200 കോടി രൂപയുടെ ഓഹരി നല്‍കാനുണ്ട്. ഇവയിലെല്ലാം ഓഹരിയുള്ള ഒരാള്‍ മാത്രമാണ് യൂസഫലി. വിവാദങ്ങളുണ്ടായി വികസനം മുടങ്ങുന്നത് കേരളത്തിന് നല്ലതല്ല. ലോക് ഡൗണ്‍ കാലയളവിലും ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്കു വന്നത് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണ്. കേരളത്തിലും വ്യവസായ അനുകൂല നടപടികളുണ്ടാകുന്നതായും യൂസഫലി വ്യക്തമാക്കി.

ഏതു വിധേനയും വിമാനത്താവള വികസനം നടപ്പാക്കണം. ലുലു ഗ്രൂപ്പും തിരുവനന്തപുരത്ത് 1100 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളാണ് മാര്‍ച്ചില്‍ തുറക്കാന്‍ പോകുന്നത്. ടാജ് ഹോട്ടല്‍ മോടിയാക്കി ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററടക്കം നിര്‍മിക്കുകയാണ്. അഞ്ഞൂറ് കാറുകള്‍ക്ക് പാര്‍ക്കിങിനുള്ള സൗകര്യവും ഉണ്ടാകും.

Related posts

Leave a Comment