ദില്ലി; പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്ന വിമാനങ്ങളില്‍ നടുവിലെ സീറ്റ് ഒഴിച്ചിടാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാണിജ്യ വിമാനക്കമ്ബനികളുടെ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആശങ്കപെടേണ്ടതെന്ന് കോടതി പറഞ്ഞു. നടുവിലെ സീറ്റുകള്‍ നിര്‍ബന്ധമായും ഒഴിച്ചിടണമെന്ന് നിര്‍ദ്ദേശിച്ച കോടതി സീറ്റില്‍ മുന്‍കൂട്ടി ബുക്കിംഗ് നടത്തരുതെന്ന് എയര്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു.
ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ എയര്‍ലൈന്‍ റെഗുലേറ്ററി അതോറിറ്റിയും എയര്‍ ഇന്ത്യയും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.മാര്‍ഗനിര്‍ദേശങ്ങളില്‍ ആറടി സാമൂഹിക അകലം നിലനിര്‍ത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ലെന്ന് എന്തടിസ്ഥാനത്തിലാണ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
തോളോട് തോള്‍ ചേര്‍ന്നിരിക്കുന്നത് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി പറഞ്ഞു. സീറ്റ് ഒഴിച്ചിടുന്നത് വലിയ വ്യത്യാസങ്ങള്‍ ഒന്നും വരുത്തില്ലെന്നും യാത്രക്കാരെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ് മെഡിക്കല്‍, ഏവിയേഷന്‍ വിദഗ്ധര്‍ ഉപദേശിച്ച കാര്യമെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഇത് കോടതി തള്ളി. ഇത് ആരെയും ബാധിക്കില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? വിമാനത്തിലാണെന്നും അതിനാല്‍ മറ്റൊരാളിലേക്ക് പകരേണ്ടതില്ലെന്നും കൊറോണ വൈറസിന് അറിയുമോയെന്നും കോടതി പരിഹസിച്ചു. ആഭ്യന്തര വിമാന സര്‍വ്വീസുകളിലും നടുലിലെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു വ്യത്യാസവും ഉണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നത് പ്രധാനമാണെന്നത് സാമാന്യ ബുദ്ധിയാണെന്നും കോടതി പറഞ്ഞു.