വിനോദ്​ ഇനിയും ജീവിക്കും; ഏഴ്​ ആളുകളിലൂടെ

തിരുവനന്തപുരം: രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഗൃഹനാഥന്‍.

ഭാര്യയുടേയും മക്കളുടേയും ഏക ആശ്രയം. പൊടുന്നനെ ആ സ്‌നേഹ തണല്‍ മാഞ്ഞു പോയപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലും വിനോദിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ സുജാതയ്ക്കും മക്കള്‍ക്കും സമ്മതമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവന് ഏഴ് പേരിലൂടെ ജീവിക്കുന്നത് ആശ്വാസവും സന്തോഷവും നല്‍കുന്ന കാര്യമായിരുന്നു അവര്‍ക്ക്.

വിനോദിന്റെ കൈകള്‍ മറ്റൊരാള്‍ക്കായി കൊണ്ടുപോകുന്ന വേളയില്‍ ഒരുനോക്കുകാണാന്‍ മൂവരും എത്തിയിരുന്നു. നിറഞ്ഞ കണ്ണുകളും വിങ്ങുന്ന ഹൃദയവുമായി അവര്‍ ആ കാഴ്ച കണ്ടു. എന്നാല്‍, മറ്റ് അവയവങ്ങള്‍ കൊണ്ടുപോകുന്നതു കാണാനുള്ള ശക്തിയില്ലാതെ അവര്‍ മടങ്ങിയപ്പോള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. അപകടത്തില്‍ പരുക്കേറ്റു മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കൊല്ലം അയത്തില്‍ സ്വദേശി എസ്.വിനോദിന്റെ (54) 8 അവയവങ്ങളാണ് 7 പേര്‍ക്കായി ദാനം ചെയ്തത്.

ഡിസംബര്‍ 30നു ബൈക്കില്‍ പോകവേ കൊല്ലത്ത് കല്ലുംതാഴത്തിനു സമീപം സ്വകാര്യബസിടിച്ചാണു വിനോദിനു തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വ രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വിനോദിന്റെ ഭാര്യ സുജാതയ്ക്കും മക്കളായ ഗീതുവിനും നീതുവിനും വേര്‍പാട് ഒരിക്കലും ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. എങ്കിലും മൃതസഞ്ജീവനിയിലൂടെ വിനോദിന്റെ അവയവങ്ങള്‍ മറ്റൊരാളുടെ ജീവിതത്തുടര്‍ച്ചയ്ക്കു വഴികാട്ടിയാകുമെന്ന് അവര്‍ ആശ്വസിച്ചു.

മെഡിക്കല്‍ കോളേജ് ട്രാന്‍സ്പ്‌ളാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. അനില്‍ സത്യദാസിന്റെയും മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെയും ഇടപെടലില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് അവര്‍ സമ്മതം അറിയിച്ചു. അങ്ങനെ കൈകള്‍, കരള്‍, വൃക്കകള്‍, കണ്ണുകള്‍, ഹൃദയം തുടങ്ങി എട്ട് അവയവങ്ങള്‍ മറ്റുള്ളവരിലേക്ക് ദാനമായി എത്തി.അങ്ങനെ ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മള്‍ട്ടി ഓര്‍ഗന്‍ റിട്രീവലിന്(വിവിധ അവയവങ്ങള്‍ ഒരുമിച്ചു ദാനംചെയ്യല്‍) കളമൊരുങ്ങി.

ഹൃദയവും കൈകളും ഉള്‍പ്പെടെ ഏഴു രോഗികള്‍ക്കാണ് വിനോദിന്റെ അവയവങ്ങള്‍ ദാനംചെയ്യുന്നത്. ഹൃദയം ചെന്നൈ എം.ജി.എം. ആശുപത്രിയിലും കൈകള്‍ എറണാകുളം അമൃതയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് മാറ്റിവയ്ക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂറാമത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. മൃതസഞ്ജീവനി പ്രോജക്‌ട് മാനേജര്‍ എസ്.ശരണ്യ, കോ-ഓര്‍ഡിനേറ്റര്‍മാരായ പി.വി.അനീഷ്, എസ്.എല്‍.വിനോദ് കുമാര്‍ എന്നിവര്‍ അവയവവിന്യാസം ഏകോപിപ്പിച്ചു.

നേരത്തേ ഗള്‍ഫിലായിരുന്ന വിനോദ് 2 മാസമായി നാട്ടില്‍ കൂലിപ്പണി ചെയ്യുകയായിരുന്നു. കിളികൊല്ലൂര്‍ ചെമ്ബ്രാപ്പിള്ള തൊടിയില്‍ വീട്ടില്‍ വാടകയ്ക്കാണു താമസം. അര്‍ബുദത്തിനു ചികിത്സയിലുള്ള മകള്‍ ഗീതു സ്ഥിതി മെച്ചപ്പെട്ടു തിരിച്ചുവരുന്നതിനിടെയാണു വിനോദിന്റെ വേര്‍പാടെന്നതു കുടുംബത്തിനു താങ്ങാവുന്നതിലുമേറെയാണ്. എങ്കിലും ഏഴു ജീവനുകള്‍ക്കു വെളിച്ചമാകുമെന്നതിനാല്‍, ഹൃദയം നുറുങ്ങുന്ന വേദനയിലും സുജാതയും മക്കളും അവയവദാനത്തിനു സമ്മതം നല്‍കുകയായിരുന്നു. വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്കു കൊണ്ടുപോകും.

കൈകള്‍, കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവ തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കു മൃതസഞ്ജീവനി പദ്ധതി പ്രകാരം മാറ്റിവയ്ക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തിയത്. വിനോദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും തീരാനോവിലും അവയവദാനത്തിനു കാണിച്ച സന്മനസ്സിനു നന്ദി പറയാനും മന്ത്രി ആന്റണി രാജു ആശുപത്രിയിലെത്തി. വിനോദിന്റെ മറ്റൊരു മകള്‍: നീതു, മരുമകന്‍: ഷബിന്‍. സംസ്‌കാരം ഇന്ന് 12 നു പോളയത്തോട് ശ്മശാനത്തില്‍. മന്ത്രി വീണാ ജോര്‍ജ്, ഡോ.എ.റംലാബീവി, ഡോ. തോമസ് മാത്യു, ഡോ.സാറ വര്‍ഗീസ്, ഡോ എ.നിസാറുദീന്‍ എന്നിവര്‍ അവയവദാനപ്രക്രിയ സുഗമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു.

Related posts

Leave a Comment