ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡെല്‍ഹി ജാമിഅ മില്ലിയ, അലിഗഡ് മുസ്ലിം സര്‍വകലാശാല എന്നിവിടങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ കേന്ദ്രം. പ്രതിഷേധത്തിന്റെ പേരില്‍ ജാമിഅയില്‍ നിന്നും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ കേസെടുക്കാതെ പോലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ് നടപടി. തങ്ങളുടെ ആവശ്യം അംഗീകരിച്ചതോടെ ഡെല്‍ഹി പോലീസ് ആസ്ഥാനത്തെ വിദ്യാര്‍ഥികളുടെ മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചു.
ഡല്‍ഹി ജാമിയ മിലിയ, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് പോലീസ് ആസ്ഥാനത്തെ ഉപരോധ സമരത്തില്‍ അണിനിരന്നത്. ക്യാമ്ബസിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കെതിരെ നൂറുകണക്കിന് വിദ്യാര്‍ഥികളും യുവാക്കളുമാണ് ഡെല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെയെല്ലാം വിട്ടയച്ചതായി ഡെല്‍ഹി പോലീസ് പിആര്‍ഒ എം എസ് രണ്‍ധവ അറിയിച്ചു.
പൗരത്വദേദഗതി ബില്ലിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് കയറി ആക്രമണം നടത്തിയത്. ക്യാമ്ബസിന്റെ എല്ലാ ഗേറ്റുകളും പോലീസ് പൂട്ടിയിട്ടു. അക്രമം നടത്തിയ പുറത്തുനിന്നുള്ളവര്‍ ക്യാമ്ബസില്‍ ഉണ്ടെന്നും അവരെ പിടികൂടാനാണ് നടപടിയെന്നുമാണ് പോലീസ് പറഞ്ഞത്. ക്യാമ്ബസില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പോലീസിന് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്നും അനുമതിയില്ലാതെയാണ് ക്യാമ്ബസില്‍ പ്രവേശിച്ചതെന്നും ജാമിഅ ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു.
ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. അലിഗഢ് മുസ്ലീം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, ജെഎന്‍യു, ജാദവ്പുര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളില്‍ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.
ജാമിയയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിവിധ സംഘടനകളും വിദ്യാര്‍ഥി യൂണിയനുകളും ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും ജാമിയ നഗറില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ലാത്തിചാര്‍ജ്ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.