വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്താനെത്തിയ ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു.

എളമക്കര ഗവണമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ ബസുകളാണ് എംവിഡി പിടിച്ചെടുത്തത് വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടക്കാണിച്ചാണ് നടപടി.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് ബസുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന കാരണത്താലാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്.

പരിശോധന നടക്കുമ്ബോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടശേഷം ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബസിന്റെ ഫിറ്റ്‌നസ് രേഖകളടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനല്‍കുകയുളളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അവസാന നിമിഷത്തിലെ മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി ടൂര്‍ പ്രതിസന്ധിയിലാക്കി. ടൂര്‍ പോകുന്നതിനായി പുലര്‍ച്ചെ തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയിരുന്നു.

ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ത്ഥികള്‍ നിരാശരായി. മറ്റ് ബസ് സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ യാത്ര റദ്ദാക്കുകയായിരുന്നു.

Related posts

Leave a Comment