തൃശൂർ: വിയ്യൂർ കല്ലടി മൂലയിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പട്ടാമ്പി സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഉണ്ണികൃഷ്ണൻ (50) വിയ്യൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊലയ്ക്ക് കാരണം സംശയരോഗമാണെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഭാര്യ സുലിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഉണ്ണികൃഷ്ണൻ വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല ചെയ്തതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ഭാര്യയ്ക്ക് അയച്ചുകൊടുത്ത പണം കയ്യിലുണ്ടായിരുന്നില്ലെന്നും കടം വരുത്തിവെച്ചെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രവാസിയായ ഉണ്ണികൃഷ്ണൻ മുന്നുദിവസം മുൻപാണ് നാട്ടിലെത്തിയത്. ഒറ്റപ്പെട്ടയിടത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. രണ്ടു മക്കളുണ്ട്. ഇരുവരും വിദ്യാർഥികളാണ്.