വിഡി സതീശന്‍ പുകഴ്ത്തി ഹരീഷ് പേരടി; ഇടതുപക്ഷത്തിന് വിമര്‍ശനം, കുറിപ്പ് വൈറലാകുന്നു

കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 14 ജില്ലകളിലെയും ഡിസിസി അധ്യക്ഷന്‍ന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നത്. ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെയും തമ്മിലടിയെയും വിമര്‍ശിച്ചും പരിഹസിച്ചും ഇടത് പ്രൊഫൈലുകളും രംഗത്തുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടക്കെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ചും പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹരീഷ് പേരടി വിഡി സതീശന്റെ നേതൃഗുണത്തെ കുറിച്ച് പറയുന്നത്. ഇടതുപക്ഷ ആശയങ്ങളോട് താല്‍പര്യം പുലര്‍ത്തുന്ന ഹരീഷ് പേരടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വിഡി സതീശന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തെ കുറിച്ച് എടുത്തുപറഞ്ഞാണ് ഹരീഷ് പേരടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വിഡി സതീശന്റെ വാര്‍ത്താസമ്മേളനം കണ്ടെന്നും കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വിഡി സതീശനെന്ന് ഹരീഷ് പേരടി പോസ്റ്റില്‍ പറയുന്നു. സ്വന്തം പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ പറ്റുന്ന നിലപാടുകളുള്ള നേതാവാണെന്നും പ്രതീക്ഷയുള്ള ഒരു നേതാവാണ് വിഡി സതീശനെന്നും ഹരീഷ് പേരടി പറഞ്ഞു. പോസ്റ്റില്‍ ഇടതുപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ് എന്നാണ് ഹരീഷ് ചോദിക്കുന്നത്. രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദല്‍ രാഷ്ട്രീയം ഉണ്ടാവണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്ന നിലപാടാണ് ഹരീഷിനുള്ളത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്. ജനങ്ങള്‍ അറിയാത്ത കോട്ടക്കുള്ളില്‍ നടക്കുന്ന രാജാക്കന്‍മാരുടെ കിട മത്സരത്തേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തില്‍ ഇടമുണ്ട്…രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദല്‍ ഉണ്ടാവണെമെങ്കില്‍ കോണ്‍ഗ്രസ്സ് നിലനിന്നേ പറ്റു- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഹരീഷ് പേരടിയുടെ പോസ്റ്റിന് താഴെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ താരത്തിന്റെ പോസ്റ്റിന് താഴെ പിന്തുണച്ചും എതിര്‍ത്തും കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനൊക്കെ താരം വ്യക്തമായും മറുപടിയും നല്‍കുന്നുണ്ട്.

https://www.youtube.com/watch?v=ZC1w2frlEeg&ab_channel=MLIFENews

Related posts

Leave a Comment