വിജിലന്‍സിന് ദുഷ്‌ടലാക്കില്ല, തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ട്, തോമസ് ഐസക്കിനെ തളളി ജി സുധാകരന്‍

തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്‌ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തളളി മന്ത്രി ജി സുധാകരന്‍. വിജിലന്‍സിന് ദുഷ്‌ലാക്കില്ല. തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പലതും മാദ്ധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് റെയ്‌ഡില്‍ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിച്ചാല്‍ മതി. തന്റെ വകുപ്പില്‍ പരിശോധന നടന്നപ്പോള്‍ താന്‍ ഒന്നും മിണ്ടിയിട്ടില്ല. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കട്ടെ. പ്രതിപക്ഷത്തിന് ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. ചില വിജിലന്‍സ് അന്വേഷണം താന്‍ ചോദിച്ച്‌ വാങ്ങുന്നുണ്ട്. വിജിലന്‍സ് അന്വേഷിച്ചാലേ ശരിയാകൂവെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സി വട്ടമിട്ട് പറന്ന് നടന്നുവെന്ന് വച്ച്‌ വിജിലന്‍സിനെ പിരിച്ചു വിടണോ. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കണം. കേന്ദ്രത്തിന് നമ്മളെ ഉപദ്രവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവര്‍ അന്വേഷിച്ചോട്ടെ എന്തു വേണമെങ്കിലും പക്ഷെ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്.

കെ എസ് എഫ് ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോള്‍ എന്തു കൊണ്ട് എന്ന ചോദ്യം വന്നു അത്രമാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലന്‍സും എല്ലാം വേണം. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ നന്നായി നടക്കൂ. തന്റെ വകുപ്പില്‍ നിന്നാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ കൊടുക്കുന്നത്. അവര്‍ തെറ്റായി പ്രവര്‍ത്തിക്കാതെ നോക്കിയാല്‍ മതി. അല്ലാതെ അവരുടെ പ്രവര്‍ത്തനം തടയാന്‍ പറ്റുമോ. വിജിലന്‍സ് റെയ്ഡ് കൊണ്ട് കെ എസ് എഫ് ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നടന്ന പരിശോധനയില്‍ ഒരു കാര്യവുമില്ല. അത് തനിക്ക് പറയാന്‍ പറ്റും. എന്‍ഫോഴ്‌സ്‌മെന്റ് പോയി നോക്കിയെന്നേ ഉളളൂ,അവിടെയൊന്നുമില്ല. ഊരാളുങ്കലിന് ഏറ്റവും കൂടുതല്‍ നിര്‍മ്മാണം കൊടുത്തത് യു ഡി എഫ് സര്‍ക്കാരാണ്. മലപ്പുറത്തെ ആറ് മണ്ഡലങ്ങള്‍ക്കായി എഴുന്നൂറ് കോടി രൂപയാണ് കൊടുത്തത്.

ആറാട്ടുപുഴ തെക്കേക്കര മുതല്‍ കൊല്ലം വരെ 162 കോടിയുടെ റോഡ് പദ്ധതി യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കലിന് കൊടുത്തു. അതു പിന്നെ നടപ്പാക്കിയത് തന്റെ കാലത്താണ്. ഫെബ്രുവരിയില്‍ ആ പദ്ധതി ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേറ്റ് കമ്ബനികള്‍ക്ക് ഇത്തരം രാഷ്ട്രീയമൊന്നുമില്ല. അവര്‍ക്ക് ബിസിനസാണ് പ്രധാനം. കൈക്കൂലിയായി അഞ്ച് നയാപൈസ അവര്‍ ആര്‍ക്കും കൊടുക്കില്ല. മണ്ഡലത്തിലെ പദ്ധതികളെല്ലാം അവര്‍ ഏറ്റെടുത്താല്‍ മതിയെന്നാണ് എല്ലാ എം എല്‍ എമാരും പറയുന്നത്. കേരളത്തില്‍ ഇത്തരം നിര്‍മ്മാണ കമ്ബനികള്‍ കുറവാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment