തിരുവനന്തപുരം: ( 28.09.2020) സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യുട്യൂബ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസ്. ഇയാളെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും പോലീസ് കേസെടുത്തു. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണു ഭാഗ്യലക്ഷ്മിക്കൊപ്പം കേസിലെ മറ്റു പ്രതികള്‍. അതേസമയം, കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയുള്ള കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല.
യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണു വിജയ് പി നായര്‍ക്കെതിരെ കേസെടുത്തത്. വിജയിനെതിരെ മ്യൂസിയം, തമ്ബാനൂര്‍ സ്റ്റേഷനുകളിലായി രണ്ട് കേസുകളും ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തമ്ബാനൂര്‍ പോലീസുമാണു കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പു പ്രകാരം കുറഞ്ഞത് അഞ്ച് വര്‍ഷം കഠിനതടവു ലഭിക്കാവുന്ന കുറ്റമാണു വനിതാ സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണു കേസുകള്‍ക്ക് ഇടയാക്കിയ സംഭവം. വനിതാ സംഘത്തോടു മാപ്പു പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് രാത്രിയോടെ നിലപാടു മാറ്റി പരാതി നല്‍കി. മുറിയില്‍ അതിക്രമിച്ചു കയറി ശരീരത്തില്‍ കരിയില്‍ ഒഴിച്ചു, ദേഹോപദ്രവമേല്‍പ്പിച്ചു, ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കൊണ്ടുപോയി എന്നിവയാണ് ഇയാളുടെ പരാതിയിലുള്ളത്. വനിതാ സംഘത്തിനെതിരെ മോഷണത്തിനും പരാതി നല്‍കി.
വിജയ് പി നായര്‍ താമസിക്കുന്ന സ്റ്റാച്യു ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി വനിതാ സംഘം അതിക്രമം കാട്ടിയതിനാണു കേസെടുത്തതെന്നു പോലീസ് അറിയിച്ചു.
എന്നാല്‍ സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിട്ടും അശ്ലീല വീഡിയോ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാെത പോലീസ്. സൈബര്‍ പരിശോധനകള്‍ തുടരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.
വീഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വീഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വീഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. യൂട്യൂബില്‍ പരാതി നല്‍കി വീഡിയോ ഡിലീറ്റ് ചെയ്യാനുള്ള പോലീസ് നടപടി വൈകുന്നതോടെ നിരവധി പേര്‍ അത് കാണുന്നതിനും ഇടയാകുന്നു.
സൈബര്‍ സെല്‍ വീഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പോലീസിന്റെ വിശദീകരണം. അതോടൊപ്പം, വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയും അപമാനിച്ചെന്ന പരാതിയില്‍ വിജയ്‌ക്കെതിരെയും ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് പോകേണ്ടെന്നാണ് പോലീസിന്റെ തീരുമാനം.