ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. തമ്ബാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിജയ് പി നായര്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.
ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്കിയാല് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജാമ്യാപേക്ഷയില്‍ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.
സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍ കൂര് ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. വിജയ് പി നായരുടെ പരാതിയില്‍ തമ്ബാനൂര്‍ പൊലീസാണ് മൂന്ന് പേരെയും പ്രതി ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.