വാഹനത്തിൽവെച്ചു പല തവണ ചർദ്ദിച്ചു; മഅദനിക്ക് ഉയർന്ന രക്തസമ്മർദ്ദം; ആശുപത്രിയിൽ തുടരുന്നു

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് ചികിത്സ തുടരുന്നു.

ബെംഗളൂരുവിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം കൊല്ലം അൻവാറശ്ശേരിയിലെ വസതിയിലേക്ക് യാത്ര തിരിച്ചതിനിടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

57കാരനായ മഅദനിയെ തിങ്കളാഴ്ച രാത്രിയിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്നും വിദഗ്ധ സംഘം രാവിലെ മഅദനിയെ പരിശോധിക്കുമെന്നും പിഡിപി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി എം അലിയാർ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോൾ മഅദനിക്ക് ഉയർന്ന രക്തസമ്മർദ്ദം ആയിരുന്നു.

രക്തസമ്മർദ്ദം 230-120 എന്ന അവസ്ഥയിലായിരുന്നു. പരിശോധന തുടരുകയാണ്. രാത്രിയിലും രക്തസമ്മർദ്ദം അതേ നിലയിൽ തുടരുകയാണ്. രാവിലെയും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

രാവിലെ 10 മണിയോടെ ഡോക്ടർമാർ കൂടുതൽ കാര്യങ്ങൾ പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കൊല്ലം അൻവാറശ്ശേരിയിലെ വസതിയിലേക്ക് യാത്ര തിരിച്ചതിനിടെ മഅദനി വാഹനത്തിൽവെച്ചു പല തവണ ചർദ്ദിക്കുകയായിരുന്നു.

ഇതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. മഅദനിക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും ഇതിനിടെ രക്തസമ്മർദ്ദം ഉയർന്നത് ബുദ്ധിമുട്ടായെന്നും ചികിത്സ നൽകിവരുകയാണെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ചു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക്കു ശേഷമാകും കൊല്ലത്തേക്കുള്ള യാത്ര സംബന്ധിച്ചു തീരുമാനമെടുക്കുക.തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് മഅദനി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.

പിഡിപി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനായി അൻവാറശ്ശേരിയിലെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

കേരളത്തിൽ 12 ദിവസം തുടരാനുള്ള അനുമതിയാണ് സുപ്രീംകോടതി മഅദനിക്ക് നൽകിയിരിക്കുന്നത്.

ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് തിരികെ പോകും. മഅദനിയുടെ സുരക്ഷയ്ക്കായി 10 അംഗ കർണാടക പോലീസ് സംഘവും ഒപ്പമുണ്ട്.

Related posts

Leave a Comment