വാഹനത്തിന്റെ ആര്‍.സി ബുക്ക് പരിശോധിച്ച്‌ കയറാന്‍ പറ്റുമോ; മന്ത്രിക്ക് എന്ത് റോള്‍: റിയാസ്

കണ്ണൂര്‍: റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്റെ ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചുവെന്ന വിവാദത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

വാഹനത്തിന്റെ ആര്‍.സി ബുക്ക് പരിശോധിച്ച്‌ കയറാന്‍ പറ്റില്ല. ആരുടെ വണ്ടിയാണ്, ആര്‍.സി ബുക്ക് ഉണ്ടോ എന്നൊക്കെ നോക്കേണ്ടത് ജില്ല ഭരണകൂടവും പോലീസുമാണ്.

ഒരു മന്ത്രിക്ക് ഇതില്‍ എന്താണ് റോള്‍. മാധ്യമങ്ങളാണ് ആത്മപരിശോധന നടത്തേണ്ടത്. മന്ത്രിയെന്തോ കുറ്റം ചെയ്തു എന്നാണ് പ്രചാരണമെന്നും റിയാസ് പറഞ്ഞു.

അധോലോക രാജാവായ ഒരു പിടികിട്ടാപുള്ളിയുടെ വണ്ടിയാണ് എന്ന് കരുതുക. അത് പരിശോധിക്കേണ്ടവര്‍ക്ക് വീഴ്ച വന്നുവെന്ന് കരുതുക.

അതില്‍ മന്ത്രിക്ക് എന്താണ് റോള്‍. മന്ത്രി എന്ത് കുറ്റമാണ് ചെയ്തത്.

ചിലരുടെ ചോര കുടിക്കുക എന്ന ലക്ഷ്യം മാത്രമാണ് വിവാദത്തിന് പിന്നില്‍. ഇതിലൊന്നും ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങളെ ജനങ്ങള്‍ക്ക് അറിയാം.

മറ്റ് കാര്യങ്ങള്‍ കോഴിക്കോട്ടെ ജില്ലാ ഭരണകൂടമാണ് പരിശോധിക്കേണ്ടത്.

ഇതില്‍ ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത്് ബന്ധപ്പെട്ടവരാണെന്നും മന്ത്രി പറഞ്ഞു.

കരാറുകാരന്റെ വാഹനം ഗാര്‍ഡ് ഓഫ് ഓണറിന് ഉപയോഗിച്ചതില്‍ ജില്ലാ കലക്ടറോടും ജില്ലാ പോലീസ്

മേധാവിയോടും മന്ത്രി വിശദീകരണം തേടിയെന്നും സൂചനയുണ്ട്.

Related posts

Leave a Comment