കൊല്ലം: റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന ഇനി ഉണ്ടാവില്ല. ‘സ്മാര്‍ട്ട് ക്യാമറകള്‍’ എല്ലാ ജില്ലകളിലും വരുന്നു. സംസ്ഥാനത്തെ പൂര്‍ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉടനെ പ്രതികളെ കണ്ടുപിടിക്കാനുമായി പൂര്‍ണമായും നിര്‍മിത ബുദ്ധിയില്‍ പ്രവൃത്തിക്കുന്ന 1400 ക്യാമറകള്‍ സ്ഥാപിക്കുന്നു.
153 കോടിയുടെ പദ്ധതി ‘സേഫ് കേരള’യാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്ബത്തിക സഹായത്തോടെ കെല്‍ട്രോണ്‍ ആണ് പദ്ധതി നടപ്പാക്കുക. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ അനുമതി നല്കുന്ന പദ്ധതി നടപ്പായാല്‍ കേരളം 95 ശതമാനം അപകടരഹിതമാകുമെന്ന് സേഫ് കേരള നോഡല്‍ ഓഫീസര്‍ ഷിബു കെ. ഇട്ടി പറഞ്ഞു.
100 വയര്‍ലെസ് ക്യാമറകള്‍ ജില്ലകള്‍തോറും സ്ഥാപിക്കും. ജില്ലകളിലെ കണ്ട്രോള് റൂമുകള്‍ ഒരു കേന്ദ്രീകൃത കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കും. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വെഹിക്കിള്‍ മാനേജ്മെന്റ് സംവിധാനത്തില്‍ ഇത് പ്രവര്‍ത്തിക്കും.
4-ജി നെറ്റ് വര്‍ക്കിലുള്ള പ്രവര്‍ത്തനത്തിലൂടെ വാഹനത്തിന്റെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കും.
24 മണിക്കൂറും റെക്കോഡിങ്ങുള്ള ക്യാമറയില്‍ പ്രധാന നിരത്തുകളിലൂടെയുള്ള എല്ലാ വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കും. ക്യാമറയില്ലാത്ത ഇടറോഡുകളില്‍ നാലുവശത്തും ക്യാമറകള്‍ സ്ഥാപിച്ച് വാഹനങ്ങളിലൂടെ സമാന്തര റെക്കോഡിങ് നടത്തും.
വാഹനത്തിന്റെ അതിവേഗം, ചുവപ്പ് ലൈറ്റ് മറികടക്കല്‍, കൂടുതല്‍ യാത്രക്കാര്‍, വണ്ടിനമ്ബര്‍, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്, സീബ്രാലൈന്‍ ലംഘനം, ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തല്‍, അമിതമായ ഹോണ്‍ തുടങ്ങിയവ. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വേഗം സഹായത്തിന് ആളെ എത്തിക്കാനും സഹായകരം.
നിയമം ലംഘിക്കുന്നവരെ കരമ്ബട്ടികയില്‍പ്പെടുത്തും. തുടര്‍നടപടിക്കായി സേഫ് കേരള, ആര്.ടി.ഒ., ജോയന്റ് ആര്.ടി.ഒ., പോലീസ് സ്റ്റേഷന് എന്നിവയിലൊരിടത്ത് ഹാജരാകണം.