വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കല്‍; കര്‍ശന നടപടിക്ക് നീക്കം

സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കണമെന്ന നിര്‍ദേശം നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങി. ഓട്ടോറിക്ഷകള്‍, ടാക്സി വാഹനങ്ങള്‍, ബസുകള്‍ എന്നിവയിലെല്ലാം ഡ്രൈവര്‍മാരുടെ കാബിന്‍ പ്രത്യേകം
വേര്‍തിരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതുസംബന്ധിച്ച്‌ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പാകുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്‌ട് ക്യാര്യേജുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാവാഹനങ്ങളിലും ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേകം വേര്‍തിരിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്. അക്രിലിക് ഷീറ്റ് ഉപയോഗിച്ച്‌ അടിയന്തരമായി ഡ്രൈവര്‍കാബിന്‍ മറയ്ക്കാനാണ് നിര്‍ദേശം.

യാത്രക്കാരും ഡ്രൈവറുമായി സമ്ബര്‍ക്കമുണ്ടാകാതിരിക്കാനാണ് പ്രകാശം കടക്കുന്ന പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച്‌ കാബിന്‍ മറയ്ക്കുന്നത്. ഇതുസംബന്ധിച്ച്‌ നിലവില്‍ ബോധവല്‍ക്കരണം നടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. തുടര്‍ന്ന് വരും ദിവസങ്ങളില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങും.യാത്രാക്കാരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക, യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുക തുടങ്ങി കൊറോണ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നിയമ നടപടികളുണ്ടാകും.

Related posts

Leave a Comment