കൊച്ചി> വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വിപണിയില്‍ പണ ലഭ്യത ഉറപ്പു വരുത്തുന്നതിന് സമീപകാലത്ത് പല നടപടികളും ആര്ബിഐ സ്വീകരിച്ചിരുന്നു. മാര്‍ച്ചില്‍ കോവിഡ് 19 വ്യാപനം ശക്തിപ്പെട്ടതിന് ശേഷം ഇതുവരെ ആര്‍ബിഐ റിപ്പോ നിരക്കില്‍ 1.15 ശതമാനം (115 ബേസിസ് പോയന്‍റ്) കുറവ് വരുത്തി. നിലവില്‍ നാല് ശതമാനമാണ് റിപ്പോ നിരക്ക്. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ.
റിസര്‍വ് ബാങ്ക് ധനനയ സമിതിയുടെ മൂന്നു ദിവസം നീണ്ടു നിന്ന വായ്പാനയ അവലോക യോഗത്തിന് ശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വായ്പാ നയം പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെന്നും തുടര്‍ച്ചയായ നാലാം മാസവും രാജ്യത്തെ ചരക്ക് കയറ്റുമതി ചുരുങ്ങിയെന്നും രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കൂടുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ വിതരണ ശൃംഖലയില്‍ തടസം നേരിട്ടതിനാല്‍ ചില്ലറ വില്‍പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രില്‍ മാസത്തില്‍ 7.2 ശതമാനമായി ഉയര്‍ന്നിരുന്നു. ലോക്ക് ഡൗണില്‍ ഇളവ് വന്നതിനെത്തുടര്‍ന്ന് ജൂണില്‍ അത് 6.1 ശതമാനമായി. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ഭക്ഷ്യവിലക്കയറ്റം കടുത്ത വെല്ലുവിളിയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
മൊറട്ടോറിയം നീട്ടില്ല, വായ്പ പുനക്രമീകരിക്കാം
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെങ്കിലും വായ്പ മൊറട്ടോറിയം നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പകരം സാമ്ബത്തിക പ്രതിസന്ധി മൂലം തിരിച്ചടവിന് ശേഷിയില്ലാത്തവര്‍ക്ക് വായ്പകള്‍ പുനക്രമികരിച്ച് നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 2020 മാര്‍ച്ച് ഒന്നുവരെ കൃത്യമായി തിരിച്ചടച്ചവര്‍ക്കും 30 വര്‍ഷത്തില്‍ താഴെ കുടിശികയുള്ളവര്‍ക്കുമാണ് വായ്പ പുനക്രമീകരിക്കാന്‍ അവസരം നല്‍കുക.
വ്യക്തിഗത വായ്പകള്‍, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, ഉപഭോക്തൃ വായ്പ തുടങ്ങിയ എല്ലാത്തരം വായ്പപകള്‍ക്കും കോര്‍പ്പറ്റേറ്റ് വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും. ഡിസംബര്‍ 31 ന് മുമ്ബ് നടപടികള്‍ ആരംഭിക്കാനാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ 25 കോടി രൂപവരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ അവസരമൊരുക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ജിഎസ്ടി രജിസ്ട്രേഷനുള്ള കമ്ബനികള്‍ക്ക് മാത്രമെ ഈ സൗകര്യം ലഭ്യമാകൂ.