വാതില്‍ തുറന്ന് ‘ലിജൂച്ചന്‍ ഇവിടെയില്ലെന്ന് ‘പറഞ്ഞ നിമ്മി പൊലീസിന്റെ അടുത്ത നീക്കത്തില്‍ പതറി, പഠനകാലത്തെ പ്രണയം ഈ പെണ്‍കുട്ടിയുടെ ജീവിതത്തെ കൊണ്ടെത്തിച്ചത്

ആലപ്പുഴ : ക്രിമിനല്‍ കേസുകളിലും കുറ്റകൃത്യങ്ങളിലും നിരന്തരപങ്കാളികളായ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള നിരന്തര സഹവാസമാണ് മാവേലിക്കരയില്‍ കഴിഞ്ഞദിവസം കഞ്ചാവുമായി പൊലീസ് പിടികൂടിയ യുവതിയെ ലഹരികടത്തിലെ കണ്ണിയാക്കിയത്. പഠനകാലത്ത് പ്രണയത്തിലായ കായംകുളം സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സേതുവെന്ന വിനോദിന്റെ ജീവിത സഖിയായതോടെ നിമ്മിയ്ക്ക് രക്തംകണ്ടുള്ള അറപ്പ്മാറി.

കായംകുളത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന വിനോദ് അടിപിടിയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി നിരന്തരം കേസുകളില്‍ പ്രതിയാകുന്ന പ്രകൃതക്കാരനായിരുന്നു. മദ്യപിക്കാനും ആര്‍ഭാട ജീവിതത്തിനും പണം കണ്ടെത്താന്‍ അക്രമത്തിനോ കൊലപാതകത്തിനോ ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിനോ മടികാട്ടാത്ത ഭര്‍ത്താവിനും കൂട്ടാളികളായ ക്രിമിനലുകള്‍ക്കുമൊപ്പമുള്ള നിരന്തര സഹവാസം കുറ്റകൃത്യങ്ങളോട് നിമ്മിക്കുണ്ടായിരുന്ന അറപ്പും വെറുപ്പും ഇല്ലാതാക്കി. കേസുകളില്‍പ്രതിയായ ഭര്‍ത്താവിനും കൂട്ടാളികള്‍ക്കുമൊപ്പം ഒളിസങ്കേതങ്ങളില്‍ ഒളിച്ചുകഴിഞ്ഞും കേസിനും കാര്യങ്ങള്‍ക്കുമായി കോടതികളിലും ജയിലിലും കയറിയിറങ്ങിയും ജാമ്യത്തിനും മറ്റും പണം സംഘടിപ്പിക്കാന്‍ ഓടി നടന്നും നിമ്മിയും കാലക്രമേണ ക്രിമിനല്‍ സംഘങ്ങളുടെ കൂട്ടത്തിലായി.

കഞ്ചാവ് കടത്താന്‍ പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്

ഭര്‍ത്താവായ വിനോദിന്റെ കൂട്ടാളിയും ആലപ്പുഴയിലെ കൊടുംക്രിമിനലുമായ ലിജു ഉമ്മനുമായുള്ള സഹവാസമാണ് നിമ്മിയെ കഞ്ചാവ് കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവുമായി ഇടക്കാലത്ത് പിണക്കത്തിലായ നിമ്മി അയാളുടെ ഭീഷണികളില്‍ നിന്ന് രക്ഷനേടാനാണ് ലിജു ഉമ്മന്റെ സംരക്ഷണത്തിലായത്. ലിജു ഉമ്മന്‍ മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപത്ത് വാടകയ്ക്ക് എടുത്ത് നല്‍കിയ വീട്ടില്‍ താമസിച്ചുവരവേയാണ് കഴിഞ്ഞ ദിവസം 29 കിലോ കഞ്ചാവും ചാരായമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി നിമ്മിയെ പൊലീസ് പിടികൂടിയത്.

വീട് വാടകയ്‌ക്കെടുത്ത് ലഹരിവസ്തുക്കള്‍ ശേഖരിച്ചു

ഗുണ്ടാനേതാവ് ലിജു ഉമ്മനും നിമ്മിയും ചേര്‍ന്നാണ് ജില്ലാ ആശുപത്രിക്ക് സമീപത്തെ വാടക വീട് കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ കഞ്ചാവും മറ്റുലഹരിവസ്തുക്കളും ശേഖരിച്ചിരുന്നത്. ഇവിടെനിന്ന് വിവിധയിടങ്ങളിലേക്ക് സ്‌കൂട്ടറില്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്നതായിരുന്നു നിമ്മിയുടെ ചുമതല. ലിജുഉമ്മനൊപ്പമോ മക്കളെ കൂടെ കൂട്ടിയോ വാഹനത്തില്‍ കഞ്ചാവ് പൊതികളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നതായിരുന്നു നിമ്മിയുടെ രീതി. ഫാമിലിയായി പോകുന്നവര്‍ വാഹന പരിശോധനയില്‍ നിന്നൊഴിവാക്കപ്പെടാറുള്ള ആനുകൂല്യമാണ് ഇവര്‍ മുതലെടുത്തിരുന്നത്. മാത്രമല്ല നിമ്മിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് ആരും സംശയിക്കുകയുമില്ല.ഇതാണ് ലിജു ഉമ്മന്‍ മുതലെടുത്തത്. ലിജു ഉമ്മന്റെ നേതൃത്വത്തില്‍ വീട്ടില്‍ ശേഖരിക്കുന്ന കഞ്ചാവും മറ്റും ആവശ്യാനുസരണം വിവിധ സ്ഥലങ്ങളില്‍ നിമ്മി എത്തിച്ചുകൊടുത്തിരുന്നതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായുള്ള പിണക്കം മുതലാക്കി ലിജുവിനൊപ്പം ജീവിതം ആരംഭിച്ച നിമ്മിയെ ആദ്യഭര്‍ത്താവ് ഒറ്റിയതാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് കൂട്ടാക്കിയിട്ടില്ല.

കഞ്ചാവ് കൈമാറിയ പ്രതി ഒളിവില്‍

സംഭവത്തില്‍ ഗുണ്ടാനേതാവ് പുന്നമൂട് പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ (40 ) ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിമ്മി പിടിയിലാകുകയും കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വാടകവീട്ടില്‍ നിന്ന് പിടികൂടുകയും ചെയ്തതോടെ ഒളിവില്‍പോയ ലിജു ഉമ്മനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസെത്തുമ്ബോള്‍ നിമ്മിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ധാരാളം കേസുകളില്‍ പ്രതിയായ ലിജുവിനെ അന്വേഷിച്ചെത്തിയതാകും പൊലീസെന്ന നിഗമനത്തില്‍ ലിജൂച്ചന്‍ ഇവിടെയില്ലെന്ന് നിമ്മി പൊലീസിനോട് വെളിപ്പെടുത്തി. ഇത് കേട്ട ഭാവം നടിക്കാതെ പൊലീസ് വീട്ടിലേക്ക് കടക്കുമ്ബോഴും തന്നെ വിശ്വാസമില്ലാത്തതിനാല്‍ ലിജുവിനെ തിരയാനാകുമെന്നായിരുന്നു നിമ്മിയുടെ ധാരണ. എന്നാല്‍, നിമ്മിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് വാങ്ങുകയും വീട്ടിലാകെ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തപ്പോഴാണ് വീട്ടിലും പരിസരത്ത് ആഢംബര കാറിലും സ്‌കൂട്ടറിലുമായി വിതരണത്തിന് തയ്യാറാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്.

ഒപ്പം വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും. ലിജു ഉമ്മനും സുഹൃത്തുക്കളായ ക്രിമിനല്‍ സംഘങ്ങളും രാപകല്‍ ഇവിടെ തമ്ബടിച്ച്‌ ചാരായം നിര്‍മ്മാണവും കഞ്ചാവ് വില്‍പ്പനയും നടത്താറുണ്ടായിരുന്നുവെന്ന് പറഞ്ഞ് തടിയൂരാന്‍ നിമ്മി ശ്രമിച്ചെങ്കിലും നിമ്മിയുടെ ഫോണ്‍കോളുകളും വാട്ട്സ് ആപ് സന്ദേശങ്ങളും പൊലീസ് പരിശോധിതോടെ കഞ്ചാവിന്റെയും ലഹരി വസ്തുക്കളുടെയും വില്‍പ്പനയില്‍ നിമ്മിയ്ക്കും പങ്കുള്ളതായി പൊലീസിന് ബോദ്ധ്യപ്പെട്ടു.

സ്‌കോഡ കാറില്‍നിന്ന് കണ്ടെടുത്തത് 29 കിലോ കഞ്ചാവ്

വീട്ടിലും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറിലുംനിന്നാണ് 29 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. മൂന്നു പ്ലാസ്റ്റിക് കുപ്പികളിലായി നാലരലിറ്റര്‍ ചാരായം, രണ്ടു കന്നാസുകളിലായി 30 ലിറ്റര്‍ കോട, സഞ്ചികളിലാക്കി സൂക്ഷിച്ചിരുന്ന 1,785 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, വീടിന്റെ അടുക്കളയില്‍നിന്ന് വാറ്റുപകരണങ്ങള്‍ എന്നിവയും കണ്ടെത്തി.

പൊലീസ് പരിശോധയ്‌ക്കെത്തുമ്ബോള്‍ നിമ്മിയുടെ എട്ടുവയസ്സുള്ള മകനും നാലുവയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു. കുട്ടികളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം നിമ്മിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പൊലീസ് സംഘം ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലിജു ഉമ്മനൊപ്പം വരുംദിവസങ്ങളില്‍ കൂട്ടാളികളായ മറ്റ് പ്രതികളെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Related posts

Leave a Comment