വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കല്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടായത് ​ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോ​ഗിച്ച സമിതി. ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന കേസുകളെ ഇപ്പോള്‍ ഉണ്ടായിട്ടുളളുവെന്നും കേസുകളുടെ എണ്ണം വളരെ കുറവാണെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍.

രാജ്യത്ത് ആളുകളില്‍ വാക്‌സിന്‍ എടുത്തതിന് ശേഷമുണ്ടാവുന്ന പ്രതികൂല ഫലങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം നിയോ​ഗിച്ച സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയത്തിന് കൈമാറി. വാക്‌സിന്‍ സ്വീകരിച്ച 700 പേരില്‍ ​ഗുരുതരമായ 498 എണ്ണം പഠനവിധേയമാക്കിയതില്‍ 26 എണ്ണത്തില്‍ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത കണ്ടെത്തിയതെന്ന് സമിതി പറയുന്നു.

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു മില്യണ്‍ ഡോസ് നല്‍കിയതില്‍ 0.61 ശതമാനത്തില്‍ താഴെയാണ് രക്തം കട്ടപിടിക്കുന്ന സംഭവങ്ങള്‍ എന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊവിഡ് വാക്‌സിനെടുത്ത് (പ്രത്യേകിച്ച്‌ കൊവിഷീല്‍ഡ്) 20 ദിവസത്തിനുള്ളില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കൈകാലുകള്‍ക്കുള്ള വേദന, നിരന്തരമായ വയറുവേദന, കണ്ണുവേദന, കാഴ്ച തടസം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ വാക്‌സിനെടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്ന സംഭവങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായതിനെ തുടര്‍ന്നാണ് പ്രതികൂല ഫലങ്ങള്‍ പഠിക്കാന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ചില രാജ്യങ്ങള്‍ കൊവിഷീല്‍ഡ് ഉപയോഗിക്കുന്നത് താത്കാലികമായി നിറുത്തിവച്ചിരുന്നു. കൊവാക്‌സിനെടുത്തവരില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Related posts

Leave a Comment