ജൂണ്‍ 21നുശേഷം 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ ആശുപത്രികളില്‍നിന്ന് പണം നല്‍കി വാക്‌സിന്‍ എടുക്കാനുള്ള സൗകര്യം തുടരും. ഒരു ഡോസിന് പരമാവധി 150 രൂപ വരെ ഈടാക്കാം. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച പരീക്ഷണം രാജ്യത്ത് പുരോഗമിക്കുകയാണ്. അധികം വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പരിഷ്‌കരിക്കുകയാണ്. വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കും. വിദേശത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. വാക്‌സിന്‍ സംഭരണം സംബന്ധിച്ച മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
നൂറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും അപകടകാരിയായ മഹാമാരിയാണ് കോവിഡ്. ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുന്‍പ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോയത്. നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. കോവിഡ് രണ്ടാം തരംഗത്തെ രാജ്യം ഒറ്റക്കെട്ടായാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡിനെ നേരിടാന്‍ രാജ്യത്ത് ഒരു പ്രത്യേക ആരോഗ്യ സംവിധാനംതന്നെ തയ്യാറാക്കി. ഇത്രയേറെ ഓക്‌സിജന്‍ ഇന്ത്യക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കി. ഓക്‌സിജന്‍ ട്രെയിന്‍ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി.
കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ് കോവിഡ് പ്രോട്ടോക്കോള്‍. ആറടി അകലം പാലിക്കുക, മാസ്‌ക് ഉറപ്പായും ധരിക്കുക. കോവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്സിന്‍. ലോകത്ത് വാക്സിന്‍ നിര്‍മാണം കുറവാണ്. ഒരു വര്‍ഷത്തിനിടെയാണ് ഇന്ത്യ രണ്ടു വാക്സിന്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ കമ്ബനികള്‍ ഇല്ലായിരുന്നെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്താവുമായിരുന്നു? വാക്സിനേഷന്‍ 60 ശതമാനത്തില്‍ നിന്ന് 90 ശതമാനമാക്കി. ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്ന് പുറകിലല്ലെന്ന് തെളിയിച്ചു. 23 കോടി വാക്സിന്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. വരുംനാളുകളില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ ശക്തമാക്കും. നിലവില്‍ ഏഴു കമ്ബനികള്‍ പലതരം വാക്‌സിന്‍ തയ്യാറാക്കുന്നുണ്ട്. മൂന്നിനം വാക്‌സിനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിനും പരിഗണനയിലുണ്ട്. എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.