തിരുവനന്തപുരം: വെള്ളറടയില്‍ വസ്തുതര്‍ക്കത്തിന്റെ പേരില്‍ വയോധികയെയും മകളെയും വീട്ടുവളപ്പില്‍ കയറി നാട്ടുകാര്‍ മര്‍ദ്ദിച്ചു.
വെള്ളറട സ്വദേശികളായ സുന്ദരി (75), മകള്‍ ഗീത എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ ഇവരുടെ മതില് ഇടിക്കാന്‍ ശ്രമിച്ചത്.
ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച ഗീതയെ വീട്ടുവളപ്പില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. തടസ്സം പിടിച്ച സുന്ദരിക്കും മര്‍ദ്ദനമേറ്റു.
വഴിക്ക് സ്ഥലംവിട്ടുകൊടുക്കുന്നതിന് ഇവരുടെ ഗേറ്റ് പൊളിച്ചുമാറ്റാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിനു തയ്യാറായില്ല.
ഇതുസംബന്ധിച്ച പോലീസിന് പരാതി നല്‍കുകയും കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡര്‍ നേടുകയും ചെയ്തിരുന്നുവെന്ന് ഗീത പറയുന്നു.
ഒരാളാണ് പ്രധാനമായും മര്‍ദ്ദിച്ചത്. ഇത് കണ്ട് ഗേറ്റിനു പുറത്തുനിന്ന് ആളുകളില്‍ ഒരാള്‍ കൂടി അകത്തേക്ക് വന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
ഇതുള്‍പ്പെടെ പോലീസിന് പരാതി നല്കാന് ഒരുങ്ങുകയാണ് വയോധികയും മകളും.