തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ യുവ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പുറ്റേക്കര സ്വദേശി അരുണ്‍ലാല്‍ കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ബേക്കറി ജീവനക്കാരനുമായ ടിനു അറസ്റ്റിലായത്.
വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, അരുണ്‍ലാലും ടിനുവും ദിവസവും ഒന്നിച്ചിരുന്നാണ് മദ്യപിക്കുന്നത്. ഇരുവരും വൈകുന്നേരം തമ്പടിക്കാറുള്ള വഴിയില്‍ കൂടി സ്ഥിരമായി നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ദിവസം ടിനുവിനെ നോക്കി ചിരിച്ചു.
പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളില്‍ ഈ പെണ്‍കുട്ടി ടിനുവിനെ ഗൗനിക്കാറുണ്ടായിരുന്നില്ല.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വലിയ തര്‍ക്കമായി. ടിനുവിന് അരുണിനോട് കടുത്ത പകയാവുകയും കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് പ്രകാരം കഴിഞ്ഞ ദിവസം അരുണിനെ ബൈക്കില്‍ വീട്ടില്‍ എത്തിക്കാമെന്ന് ടിനു പറഞ്ഞു.
വീട്ടിലേക്കുള്ള വഴിയില്‍ വച്ച് ടിനു അരുണിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്‌ത്തിയ ശേഷം ബിയര്‍ കൊണ്ട് മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
അരുണ്‍ മരിച്ചെന്ന് കരുതി ടിനു ഉടനെ തന്നെ സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. എന്നാല്‍ വഴിയില്‍ പരിക്കേറ്റ് കിടന്ന അരുണിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ആശുപത്രിയില്‍ എത്തി 2 മണിക്കൂറിന് ശേഷമാണ് മരണം സംഭവിക്കുന്നത്. രണ്ട് പേര്‍ ഇടവഴിയില്‍ നിന്ന് സംസാരിക്കുന്നതായി കണ്ടുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടിനു പിടിയിലാകുന്നത്.