വര്‍ക്കലയില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ചു

വര്‍ക്കല: വര്‍ക്കലയില്‍ അഞ്ചുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ചു. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ച സംഭവത്തില്‍ തീ പടര്‍ന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം.

വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയര്‍ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നി​ഗമനം. അകത്തു നിന്ന് കാര്‍ പോര്‍ച്ചിലെ ബൈക്കുകളിലേക്ക് തീ പടര്‍ന്നത് ആകാനാണ് സാധ്യത. വീടിന്‍റെ ഉള്‍വശം മുഴുവന്‍ കത്തിക്കരിഞ്ഞനിലയില്‍ ആണ്.

അഭിരാമിയുടെയും കുഞ്ഞിന്‍്റെയും മൃതദേഹം കിടന്നത് മുകള്‍നിലയിലെ മുറിയിലെ ബാത്റൂമില്‍ ആയിരുന്നു. ഇളയമകന്‍ അഹിലിന്‍്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയില്‍ ആണ്. പ്രതാപന്റേയും ഷേര്‍ലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയില്‍ ആണെന്നും ഫയര്‍ഫോഴ്സ് ഉദ്യോ​ഗസ്ഥര്‍ പറയുന്നു.

തീപടര്‍ന്ന് പുകയാല്‍ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് ഉദ്യോ​ഗസ്ഥര്‍ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു എന്ന് ആദ്യം കയറിയവര്‍ പറയുന്നുണ്ടായിരുന്നു. തീപടര്‍ന്നിരുന്ന വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹുലിന്‍്റെ വായയില്‍ നിറയെ കറുത്ത പുകയായിരുന്നു.

മുകള്‍ നിലയിലെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ച നിലയില്‍ ആണ്. വീട് മുഴുവന്‍ ഇന്‍റീരിയല്‍ ഡിസൈന്‍ ചെയ്തത് എല്ലാം കത്തിക്കരിഞ്ഞു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട നാല് ബൈക്കുകള്‍ പൂര്‍ണമായി കത്തി.

ഒരു ബുള്ളറ്റ് ഭാഗികമായി കത്തി.ഒരു സ്കൂട്ടറും രണ്ട് കാറുകളും കത്താതെ വീടിന്റെ മറ്റൊരു വശത്ത് ഉണ്ടായിരുന്നു. പുലര്‍ച്ചെ 1.40 ഓടെയാണ് പ്രതാപന്റെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ തീ പടരുന്നത് അയല്‍വാസികള്‍ കണ്ടത്. നിലവിളിച്ച്‌ വീട്ടുകാരെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടെ തൊട്ടടുത്ത വീട്ടിലെ കുട്ടി നിഹുലിനെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുത്ത് സംസാരിച്ച നിഹുല്‍ പക്ഷേ ആ സമയത്ത് പുറത്തേക്കിറങ്ങിയിരുന്നില്ല. ഇതിനിടെ നാട്ടുകാരെത്തി ഫയര്‍ഫോഴ്സിനെ അറിയിച്ച്‌ രക്ഷാ പ്രവര്‍ത്തനം തുടങ്ങുന്നതിനിടെ നിഹുല്‍ പുറത്തേക്ക് വരികയായിരുന്നു.

​ഗുരുതര പൊളളലേറ്റ നിഹുലിനെ ന​ഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം ആണ് വീടിന് തീപിടിച്ച്‌ വീട്ടുടമസ്ഥന്‍ ബേബിേ എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഹില്‍(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവര്‍ മരിച്ചത്.

വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപന്‍. പ്രതാപന് മൂന്ന് ആണ്‍ മക്കളാണ് ഉള്ളത്. ഇതില്‍ മൂത്ത മകന്‍ അഖില്‍ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകന്‍ അഖിലും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം.

അതിനുശേഷമാകും സംസ്കാര ചടങ്ങുകള്‍ അടക്കം നടക്കുക. മരിച്ച അഹിലും ​ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തില്‍ പങ്കാളികളായിരുന്നു .

വന്‍ ദുരന്തം ഉണ്ടായതോടെ റൂറല്‍ എസ് പി ദിവ്യ ​ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എല്ലാ മുറികളിലും എസിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടവും നടത്തിയശേഷമാകും സംസ്കാരം . ​ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലുള്ള നിഹിലില്‍ നിന്ന് മൊഴി എടുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വരികയുള്ളൂ.

പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാര്‍ക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാര്‍ പറയുന്നു.

സാമ്ബത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. പിഞ്ചുകുഞ്ഞടക്കം വെന്തുമരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

Related posts

Leave a Comment