വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

മഴ തുടരുന്ന കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാവുന്നതാണ്. ഇത്തരം പ്രദേശങ്ങളിലെ പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, റെവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ജാഗ്രത പാലിക്കേണ്ടതും അപകട സൂചന ലഭിച്ചാല്‍ ഉടനെ പ്രവര്‍ത്തിക്കാന്‍ സജ്ജരായിരിക്കേണ്ടതുമാണെന്നും ദുരന്ത നിവാരണ സേന നിര്‍ദ്ദേശിച്ചു.

അതേസമയം കോഴിക്കോട് ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാമനാട്ടുകര, ബേപ്പൂര്‍, മാങ്കാവ്, നല്ലളം എന്നിവിടങ്ങളിലാണ് മരം വീണത്. ചെറൂട്ടി റോഡില്‍ കനറ ബാങ്കിന് മുകളിലെ ഷീറ്റ് പറന്ന് മറ്റൊരു കെട്ടിടത്തിന് മുകളില്‍ വീണു. ആളപായമില്ല. ഫയര്‍ഫോഴ്സ് ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടങ്ങി.

Related posts

Leave a Comment