കോഴിക്കോട്: വരന്‍റെ ആളുകള്‍ വധുവിന്‍റെ വീട്ടില്‍ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിവാഹവീട്ടില്‍ കൂട്ടത്തല്ല്.
കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വടകര വില്യപ്പള്ളിയില്‍ നിന്നെത്തിയ വരനൊപ്പം വന്നവര്‍ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം ആദ്യം ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ വീണ്ടും വാക്കേറ്റമുണ്ടായതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ചെറിയ തര്‍ക്കമാണ് കൂട്ടത്തല്ലിലേക്ക് മാറിയതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നത്. വരന്‍റെയും വധുവിന്‍റെയും ഭാഗത്തുനിന്നുള്ള ചില യുവാക്കളാണ് ആദ്യം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
എന്നാല്‍ മുതിര്‍ന്നവര്‍ ഇടപെട്ട് ഇവരെ സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചിരുന്നു. വീണ്ടും തര്‍ക്കമുണ്ടായതോടെ കൂട്ടത്തല്ലിലേക്ക് പോകുകയായിരുന്നു.ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥശ്രമത്തിനൊടുവില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.സംസ്ഥാനത്ത് അടുത്തിയെയായി വിവാഹത്തിനിടെയുള്ള കൂട്ടത്തല്ല് സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആലപ്പുഴ ഹരിപ്പാട് സദ്യയ്ക്കൊപ്പം പപ്പടം ലഭിക്കാത്തതിനെ തുടര്‍ന്ന് കൂട്ടത്തല്ല് ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കരയില്‍ വിവാഹം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീണ്ടതോടെ വധുവിന്‍റെ പിതാവിന് ഉള്‍പ്പടെ മര്‍ദ്ദനമേറ്റിരുന്നു.