തൊടുപുഴ ∙ ഡിവൈഎസ്പി ഓഫിസില്‍ മധ്യവയസ്കനെ മര്‍ദിച്ചെന്ന ആരോപണത്തിന് തെളിവായി ശബ്ദരേഖ.
പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി എം.ആർ.മധുബാബു അസഭ്യം പറയുന്നതും മുരളീധരന് മര്‍ദനമേറ്റ് നിലവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ആരോപണം ഡിവൈഎസ്പി നിഷേധിച്ചിരുന്നു.
തൊടുപുഴ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരെ സമൂഹമാധ്യമത്തിൽ മോശമായ രീതിയിൽ പ്രചാരണം നടത്തിയതിനെതിരെ നേതാക്കൾ മുരളീധരനെതിരെ പരാതി നൽകിയിരുന്നു.
ഈ കേസിലാണ് മുരളീധരനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. തനിക്ക് മൈക്ക് സെറ്റ് വാടകയ്ക്കെടുത്തതിന്റെ പണം തരാനുണ്ടെന്നും ഇനിയും പോസ്റ്റ് ഇടുമെന്നും മുരളീധരന് ആവർത്തിച്ചു.
ഇതോടെ ഡിവൈഎസ്പി വയർലെസ് സെറ്റ് എടുത്തെറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടുകയും ചെയ്തതെന്നാണു മുരളീധരൻ പറയുന്നത്.
സ്റ്റേഷനിലെത്തിയ മുരളീധരൻ പ്രകോപനപരമായി പെരുമാറിയെന്നും ഓഫിസിലെ കസേരകൾ മറിച്ചിട്ടു.
തുടർന്ന് ഇയാളെ പുറത്തിറക്കി വിടാൻ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നുമാണ് ഡിവൈഎസ്പിയുടെ നിലപാട്.