വയലിനില്‍ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവന്‍ കവര്‍ന്ന അപകടത്തിന് ഇന്ന് രണ്ടു വര്‍ഷം; അപകടം നടന്ന ദിവസം തന്നെ സി.ബി.ഐയുടെ നുണ പരിശോധന

തിരുവനന്തപുരം: വയലിനില്‍ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവന്‍ കവര്‍ന്ന അപകടത്തിന് ഇന്ന് രണ്ടു വര്‍ഷം. എന്നാല്‍ സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വര്‍ഷം തികയുന്ന അതേദിവസമായ ഇന്നു തന്നെയാണ് അദ്ദേഹത്തിന്റെയും മകളുടെയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കാനുള്ള സി.ബി.ഐയുടെ നുണപരിശോധന നടക്കുന്നതും. ബാലുവിന്റെ സുഹൃത്തുക്കളും മാനേജര്‍മാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്ബി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് ഇന്നും നാളെയുമായി നുണപരിശോധന നടത്തുക. ലോക്കല്‍ പൊലീസില്‍നിന്ന്‌ സിബിഐയില്‍ എത്തിനില്‍ക്കുകയാണ് അന്വേഷണം.
2018 സെപ്‌തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാലയുടെ വഴിപാടുമായി ബന്ധപ്പെട്ടാണ്‌ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്‌ ബാലഭാസ്‌കറും കുടുംബവും സ്വന്തം വാഹനത്തില്‍ പോയത്‌. സുഹൃത്ത്‌ അര്‍ജുനും ഒപ്പമുണ്ടായിരുന്നു. മടക്കയാത്രയില്‍ കഴക്കൂട്ടം പള്ളിപ്പുറത്താണ്‌ വാഹനം അപകടത്തില്‍പ്പെട്ടത്‌. മകള്‍ ഉടന്‍ മരിച്ചു. ഒക്ടോബര്‍ രണ്ടിന്‌ ബാലഭാസ്‌കറും. ലക്ഷ്‌മിയും അര്‍ജുനും പരിക്കോടെ രക്ഷപ്പെട്ടു.

ഡല്‍ഹിയിലെയും ചെന്നൈയിലെയും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ദ്ധരാണ് കൊച്ചിയില്‍ നുണപരിശോധന നടത്തുന്നത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്ബിയും വിഷ്ണുവും പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ച്‌ ബന്ധുക്കള്‍ക്കു സംശയമുണ്ടായത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് നുണ പരിശോധന നടത്തുന്നത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുന്‍ താന്‍ വാഹനമോടിച്ചില്ലെന്നു മൊഴിമാ​റ്റിയതിലും ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അര്‍ജുനെ നുണപരിശോധനയ്ക്കു വിധേയനാക്കുന്നത്.

എന്നാല്‍ അപകട സ്ഥലത്തെത്തുന്നതിനു മുമ്ബ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവന്‍ സോബിയുടെ മൊഴി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ അപകടസ്ഥലത്ത് കണ്ടെന്ന സോബിയുടെ മൊഴി നുണപരിശോധനയില്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, സരിത്തിനെ സി.ബി.ഐ ചോദ്യംചെയ്യും. ബാലു മരിച്ച ശേഷമാണ് പ്രകാശന്‍ തമ്ബിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് മൊഴികള്‍. ഇതിന്‍റെ സത്യാവസ്ഥയും കണ്ടെത്തും.

Related posts

Leave a Comment