ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം കണിച്ചുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ പോലീസ് കേസെടുത്തു.
കോടതി നിര്‍ദേശപ്രകാരമാണ് മാരാരിക്കുളം പോലീസ് കേസെടുത്തത്. എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നം പ്രതിയാക്കിയാണ് കേസ്. കെ.എല്‍ അശോക് രണ്ടാം പ്രതിയും വെള്ളാപ്പള്ളി തുഷാര്‍ മൂന്നാം പ്രതിയുമാണ്.
ഗൂഢാലോചന, ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്നലെ ഉത്തരവിട്ടത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു.
മൂന്നു പേര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹേശന്റെ കുടുംബമാണ് കോടതിയെ സമീപിച്ചത്. മഹേശന്റെ മരണം കൊലപാതകത്തിന് സമാനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
സുഭാഷ് വാസുവടക്കമുള്ള എസ്‌എന്‍ഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതിരോധിക്കുന്നത്.
കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്‌എന്‍ഡിപി ഓഫീസിനകത്ത് കെ.കെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു