ഹൈദരാബാദ്: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് പുക നിറഞ്ഞതോടെ പരിഭ്രാന്തരായി യാത്രക്കാർ.
ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ നിന്ന് സെക്കന്തരാബാദിലേക്ക് പോയ ട്രെയിൻ ഗുഡുർ വിട്ടപ്പോഴാണ് സംഭവം. പുക പരന്നതോടെ ട്രെയിനിൽ തീപടർന്നെന്ന് കരുതി ആളുകൾ ബഹളം വെക്കുകയും പരിഭ്രാന്തരാകുകയും ചെയ്തു.
പരിശോധനയിലാണ് യാത്രക്കാരൻ പുകവലിച്ചതാണ് പുക പടരാൻ കാരണമായതെന്ന് കണ്ടെത്തി.ട്രെയിനിലെ സി-13 കോച്ചിലാണ് സംഭവം. സെക്കന്തരാബാദിലെത്താൻ എട്ട് മണിക്കൂർ മുൻപാണ് ട്രെയിനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പുക നിറഞ്ഞതിന് പിന്നാലെ യാത്രക്കാർ ബഹളം വെക്കുകയും സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് മാറുകയും ചെയ്തു. ട്രെയിനിൽ അപായമണി മുഴങ്ങിയതോടെ യാത്രക്കാർ കമ്പാർട്ടുമെന്റിലെ എമർജൻസി ഫോൺ ഉപയോഗിച്ച് ട്രെയിൻ ഗാർഡിനെ അറിയിച്ചു.
യാത്രക്കാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മനുബുദു സ്റ്റേഷനിൽ നിർത്തി. റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ട്രെയിനിൽ പ്രവേശിച്ച് പരിശോധന നടത്തുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു.
ശുചിമുറിയുടെ വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് പുക വലിക്കുന്ന യാത്രക്കാരനെ കണ്ടെത്തിയത്. ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ കയറിയ ഇയാൾ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു.
തുടർനടപടികൾക്കായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ട്രെയിനിൽ പുക നിറഞ്ഞതിന് പിന്നാലെ അപായമണു മുഴങ്ങുകയും തുടർന്ന് സ്വയം പ്രവർത്തിക്കുന്ന അഗ്നിശന യന്ത്രം തീയണയ്ക്കുന്നതിനായി പ്രവർത്തിച്ച് കംപാർട്മെന്റിൽ എയറോസോൾ സ്പ്രേ ചെയ്യാൻ ആരംഭിച്ചതോടെയാണ് യാത്രക്കാർ ഭയന്നത്.