വന്ദേഭാരത് എക്സ്പ്രസ് യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കി. കാസര്‍കോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ്.
വന്ദേഭാരതിന്റെ കേരളത്തിലെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നും, 25-ാം തിയതി രാവിലെ വന്ദേ ഭാരത് കേരളത്തിന് മോദി സമര്‍പ്പിയ്ക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.
കേരളത്തില്‍ വന്ദേ ഭാരത് നടപ്പിലാക്കില്ലെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചിരുന്നല്ലൊ, എന്നിട്ടെന്തായി ഇപ്പോളതെല്ലാം മാറിയില്ലേ… എന്നും അശ്വനി വൈഷ്ണവ് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 24, 25 തിയതികളില്‍ കേരളത്തിലുണ്ടാവും. നിരവധി റെയില്‍വേ വികസന പദ്ധതികള്‍ 25-ാം തിയതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്ദേഭാരത് കേരളത്തിന് നല്കാന് തീരുമാനിച്ചത് നിരവധി പേരുടെ ആവശ്യപ്രകാരമാണ്. കേരളത്തില്‍ വന്ദേഭാരതിന്റെ നിലവിലെ വേഗത 70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും.
ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും.