വന്ദേഭാരതിന്റെ ശുചിമുറിയിൽ യുവാവ് കയറിയിരുന്ന സംഭവം; വാതിൽ പൊളിച്ചപ്പോൾ റെയിൽവേയ്ക്ക് നഷ്ടം 1 ലക്ഷം രൂപ

പാലക്കാട്: തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിക്കകത്ത് യുവാവ് കയറി വാതിലടച്ച് ഇരുന്ന സംഭവത്തിൽ റെയിൽവേക്ക് വന്ന നഷ്ടം ഏകദേശം ഒരു ലക്ഷം രൂപ.

കഴിഞ്ഞ ദിവസമാണ് ശരൺ എന്ന യുവാവ് വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിക്കകത്ത് കയറി വാതിലടച്ച് ഇരുന്നത്.

ശരണിനെ പുറത്തിറക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഇയാൾ പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല.

പിന്നീട് ഷൊർണ്ണൂരിൽ എത്തിയപ്പോഴാണ് വാതിൽ പാെളിച്ച് പുറത്തിറക്കിയത്. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ 3 സീനിയർ സെക്‌ഷൻ എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള സംഘം ഒരുപാട് ശ്രമിച്ചിട്ടും പൂട്ട് തുറക്കാൻ കഴിഞ്ഞില്ല.

ഒടുവിലാണ് പൂട്ട് പൊളിച്ചത്.രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപ ആണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവൻസ് 50,000 രൂപ എന്നിങ്ങനെ ആണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്.

യുവാവിവിന്റെ ഈ പ്രവൃത്തി കാരണം ട്രെയിൻ 20 മിനിറ്റ് വൈകിയെന്നും റെയിവേ അറിയിച്ചു. ഉപ്പള സ്വദേശിയാണ് ശരൺ. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് ഡോക്ടർമാർ അറിയിച്ചത്.

സംഭവത്തിൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ശരണിന്റെ കുടുംബം ഇന്ന് സ്ഥലത്ത് എത്തുമെന്നാണ് റിപ്പോർട്ട്. ‌കാസർഗോഡ് നിന്നാണ് ശരൺ ട്രെയിനിന്റെ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറിയത്.

പിന്നീട് പുറത്തിറങ്ങിയില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ ഇയാളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും ശരൺ പുറത്തിറങ്ങിയല്ല. തൊട്ടുപിന്നാലെ യാത്രക്കാർ ആർപിഎഫിനെ വിവരം അറിയിച്ചു.

തുടർന്ന് കണ്ണൂരിൽ വെച്ചും കോഴിക്കോട് വെച്ചും ഇയാളെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ശരൺ പുറത്തിറങ്ങിയില്ല. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ഇയാളോട് ഇറങ്ങാൻ ആർടിഎഫും പോലീസും ഹിന്ദിയിൽ ആവശ്യപ്പെട്ടിരുന്നു.

പക്ഷേ പ്രതികരണം ഉണ്ടായിരുന്നില്ല. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ശുചീകരിക്കുമ്പോൾ തന്നെ ശരൺ ശുചിമുറിയിൽ കയറിക്കൂടാൻ ശ്രമം നടത്തിയിരുന്നു.

എന്നാൽ ജീവനക്കാർ ഇയാളെ തടയുകയായിരുന്നു. ഇതോടെ ശരൺ പുറത്തിറങ്ങി. പിന്നീട് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് ആരും അറിയാതെ ശുചിമുറിക്കകത്ത് കയറിയത്.

 

 

Related posts

Leave a Comment