വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്; അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടില്ല; ‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ടൊവിനോ തോമസ്; സിനിമാ സെറ്റിടാന്‍ അനുമതി നല്‍കിയിരുന്നുവെന്ന് മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍; ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി

കൊച്ചി: ‘മിന്നല്‍ മുരളി’യുടെ സെറ്റായിട്ട പള്ളി പൊളിച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ചു നടന്‍ ടൊവിനോ തോമസ്. സെറ്റ് തകര്‍ത്ത സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സിനിമയിലെ നായകന്‍ ടൊവിനോ അറിയിച്ചു. ‘ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ സെറ്റില്‍ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും, ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിര്‍ത്തി വയ്ക്കുന്നതും’. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോയുടെ പ്രതികരണം. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്’, ടൊവിനോ പറഞ്ഞു.

അതേസമയം സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദള്‍ പൊളിച്ച സംഭവത്തില്‍ പൊലീസില്‍ പരാതിയുമായി മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍ രംഗത്തെത്തി. പെരുമ്ബാവൂര്‍ പൊലീസിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. മിന്നല്‍ മുരളി സിനിമക്കായി സെറ്റ് ഇടാന്‍ സിനിമ സംഘത്തിന് അനുമതി നല്‍കിയിരുന്നതായി സമിതി വ്യക്തമാക്കി.

കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സിനിമാ സെറ്റ് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് ഭാഗികമായി പൊളിച്ചുമാറ്റിയത്. ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമക്കായി നിര്‍മ്മിച്ച സെറ്റാണ് പൊളിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൊളിക്കല്‍. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാര്‍ച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മ്മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്. സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മ്മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചെലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സെറ്റ് നിര്‍മ്മാണത്തിനായി അമ്ബലകമ്മറ്റിയുടെയും ഇറിഗേഷന്‍ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്. ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയര്‍ന്നത്.

Related posts

Leave a Comment