ലോഡ്‌ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കണമെന്ന് നിര്‍ദേശം. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്നാണ് കെഎസ്‌ഇബിയുടെ നിര്‍ദേശം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി യൂണിറ്റിന് 18 രൂപ നിരക്കില്‍ വാങ്ങിയാണ് പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ ശ്രദ്ധിച്ചാല്‍ ലോഡ്‌ഷെഡിങ്ങിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്‌ഇബി കരുതുന്നത്.
വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ് യോഗം. കെഎസ്‌ഇബി. ചെയര്‍മാന്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി കുറവ് എങ്ങനെ നേരിടാം എന്നതിനെ പറ്റി യോഗം ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ 2500 മെഗാവാട്ട് വൈദ്യുതിയും രാത്രി സമയങ്ങളില്‍ 3500 മെഗാവാട്ടുമാണ് ഉപഭോഗം. നിലവില്‍ മഴ ലഭിക്കുന്നതും ഡാമില്‍ വെള്ളമുള്ളതും ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ഉത്പാദിക്കുന്നുണ്ട്. താപ വൈദ്യുതി നിലയങ്ങളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയാണ് കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിന്നത്. 300 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോള്‍ നേരിടുന്നത്. കല്‍ക്കരി പ്രതിസന്ധി നീണ്ടുപോയാല്‍ ലോഡ്‌ഷെഡിങ് നടപ്പാക്കേണ്ടിവരും. കല്‍ക്കരി ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.