ലോക് ഡൗണില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചാരായവാറ്റിലേക്ക് തിരിഞ്ഞ് സീരിയല്‍ സഹസംവിധായകന്‍; വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ വീട് അകത്തുനിന്നും പൂട്ടി വാറ്റു ചാരായവും വാഷും ടോയ്‌ലെറ്റില്‍ ഒഴിച്ചു, പാത്രവും തറയും മണ്ണെണ്ണ ഉപയോഗിച്ച്‌ കഴുകി; കഷ്ടപ്പെട്ട് കതകു തുറന്ന് അകത്തു കയറിയ പൊലീസിന് ലഭിച്ചത് വളരെ കുറച്ച്‌ ചാരായവും വാഷും മാത്രം; പ്രതി പിടിയില്‍, സംഭവം കൊച്ചിയില്‍

കൊച്ചി: ലോക്ഡൗണില്‍ കുടുങ്ങി സിനിമ, സീരിയല്‍ നിര്‍മാണങ്ങള്‍ നിന്നു പോകുകയും സാമ്ബത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്തതോടെ ചാരായവാറ്റിലേക്കു തിരിഞ്ഞ് സീരിയല്‍ സഹസംവിധായകന്‍. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന കുന്നത്തു നാട് ഒക്കല്‍കര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

വീട്ടില്‍ ചാരായം വാറ്റില്‍ വില്‍ക്കുന്നെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു പ്രതി വാറ്റുപകരണങ്ങളുമായി പിടിയിലായത്. അന്വേഷണ സംഘം സ്ഥലത്തെത്തിയതോടെ പ്രതി അകത്തുനിന്ന് വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‍ലറ്റില്‍ ഒഴിച്ചു കളഞ്ഞ ശേഷമാണ് കതകു തുറന്നത്. പാത്രത്തിലും തറയിലുമെല്ലാം മണ്ണെണ്ണ ഒഴിച്ച്‌ കഴുകുകയും ചെയ്തു.

ഉദ്യോഗസ്ഥര്‍ ഏറെ നേരം പണിപ്പെട്ട ശേഷമാണ് വാതില്‍ തുറക്കാനായത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ അളവ് ചാരായവും വാഷും മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്. പെരുമ്ബാവൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മണിക്കെതിരെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. മുഹമ്മദ് ഹാരിഷും സംഘവും അബ്കാരി കേസെടുത്തിട്ടുണ്ട്.

ലോക്ഡൗണ്‍ മൂലം മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അനധികൃതമായി മദ്യ ഉല്‍പാദനം നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമാക്കി നടപടി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts

Leave a Comment