ന്യുഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ അഴിച്ചുപണിക്ക് ഒരു ബിജെപി നേതൃത്വം. കേന്ദ്രമന്ത്രിസഭയിലും പാര്‍ട്ടിയും അഴിച്ചുപണി സാധ്യതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു.
അഞ്ച് മണിക്കൂറോളം യോഗം നീണ്ടുനിന്നു.
ബിജെപിയുടെ സംഘടനാപരവും രാഷ്ട്രീയ വിഷയങ്ങളിലുമുള്ള വിശദീകണം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് നല്‍കി.
കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഏക വ്യക്തി നിയമം കൊണ്ടുവരുമെന്ന സൂചന നല്‍കിയിരുന്നു.
അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട അതായിരിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
കര്‍ണാടകയിലുണ്ടായ കനത്ത തിരിച്ചടി ബിജെപി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചിരുന്നു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിക്ക് നിര്‍ണായകമാണ്. ഇതില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബിജെപിക്ക് ഭരണമുള്ളത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്ബതാം വാര്‍ഷികം പ്രമാണിച്ച് ഒരു മാസമായി കേന്ദ്രസര്‍ക്കാരും ബിജെപിയും വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. 2024ലെ തിരഞ്ഞെടുപ്പില്‍ ബഹുജന പിന്തുണ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്.