കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റിലായി. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഫാ. ജോര്‍ജ് പാലമറ്റത്തെ ജാമ്യത്തില്‍ വിട്ടു. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്. എപിഡെമിക് ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് വിവരം. ഈ മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്.
സംഭവത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് ആദ്യകുര്‍ബാന ചടങ്ങ് നടന്നത്. കുട്ടികള്‍, മാതാപിതാക്കള്‍, പള്ളി വികാരി, സഹ വികാരി എന്നിവര്‍ അടക്കം 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരാതി ലഭിച്ചതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.