തിരുവനന്തപുരം ലോകായുക്തയെ അപ്രസക്തമാക്കാന്‍ നിയമഭേദഗതികള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
ലോകായുക്തയുടെ അധികാരം കവരും വിധത്തിലുള്ള നിയമ നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി കഴിഞ്ഞു. അംഗീകാരത്തിനായി ഇത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരെ ലോകയുക്തയില്‍ പരാതി നിലനില്‍ക്കേയാണ് പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.
ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്. കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്ത് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ കേസ് വന്നത്.ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടര്‍ന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ.ഇതില്‍ മാറ്റംവരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.