ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കൂടുന്നത് ഇന്ത്യയെ നൊമ്ബരപ്പെടുത്തുന്നു. ചില സംസ്ഥാനങ്ങളില്‍ ഒരു രക്ഷയുമില്ലാതെ രോഗം കുതിച്ചുപായുന്നതാണ് ഇന്ത്യയ്ക്ക് വിനയായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു. 154 പേര് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസവും 6000ത്തിന് മുകളില്‍ പുതിയ കേസുകള്‍ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി.
30 ലക്ഷം പേരില്‍ രോഗപരിശോധന നടത്തിയതുകൊണ്ടാണ് രോഗവര്‍ദ്ധന നിരക്ക് കൂടിയതെന്നാണ് ഐ.സി.എം.ആര് പറയുന്നത്. അപ്പോള്‍ രോഗം കണ്ടെത്താത്തവര്‍ ഇനിയുമുണ്ടെന്ന് അര്‍ത്ഥം. ഇങ്ങനെ പോയാല്‍ എങ്ങനെയാകുമെന്നതിന് ഒരെത്തും പിടിയും കിട്ടാത്ത രീതിയിലായി. 6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ആകെ കൊവിഡ് ബാധിതര്‍ 1,38,845, മരണം 4021 രോഗം ഭേദമായവര്‍ 57720.
ഡല്‍ഹിയില്‍ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനത്ത് മൂന്ന് പുതിയ പ്രദേശങ്ങള്‍ കൂടി ചേര്‍ത്തതോടെ മൊത്തം നിയന്ത്രിത മേഖലകള്‍ 90 ആയി. ഡല്‍ഹി ഗാസിയബാദ് അതിര്‍ത്തി അടച്ചു. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 14,063 രോഗബാധിതരും 344 മരണവുമാണ്. 72 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജസ്ഥാനില്‍ രോഗബാധിതര്‍ 7000 കടന്നു. മരണം 163.
പശ്ചിമ ബംഗാളില്‍ രോഗബാധിതര്‍ 4000ത്തോടടുത്തു. മരണം 200 കവിഞ്ഞു. മദ്ധ്യപ്രദേശില്‍ രോഗബാധിതര്‍ ഏഴായിരത്തോളം. മരണം 300. ബീഹാറില്‍ 163 പുതിയ കേസുകളും അസമില്‍ 13 കേസും റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ 60 പേര് മരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ അടുത്ത മാസവും തുടര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുംബയില്‍ മരണം 1026 ആയി. ഇന്നലെ മാത്രം മരിച്ചത് 38 പേര്. നഗരത്തില്‍ 1430 പേര്‍ക്ക് കൂടി കൊവിഡ് കണ്ടെത്തി. സംസ്ഥാനത്ത് 2436 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 52,667 ആയി ഉയര്‍ന്നു. തെലങ്കാനയില്‍ ഇന്നലെ 66 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതര്‍ 1920 ആയി. 56 പേര് മരിച്ചു. കര്‍ണാടകയില്‍ 93 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. മരണം 44 ആയി. രോഗബാധിതര്‍ 2182 ആണ്.ആന്ധ്രാപ്രദേശില്‍ 106 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 2886 ആയി. 56 പേര് മരിച്ചു. പുതുച്ചേരിയില്‍ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 49 ആയി.
തമിഴ്നാട്ടില്‍ 7 പേരും കര്‍ണ്ണാടകയില്‍ രണ്ടു പേരും ഇന്നലെ മരിച്ചു.