ലൈഫ് മിഷനിലൂടെ സിബിഐയും; സിബിഐ അന്വേഷണം തുടങ്ങി; ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്ക്; വിജിലന്‍സ് അന്വേഷണ മറ രക്ഷിച്ചില്ല

കൊച്ചി: സംസ്ഥാന മന്ത്രിമാരും വകുപ്പ് സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രതിയായേക്കാവുന്ന ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങി. കൊച്ചി സിജെഎം കോടതിയിലാണ് കേസ്. തൊട്ടുപിന്നാലെ സിബിഐ രണ്ടിടത്ത് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചു.

വിദേശ സാമ്ബത്തിക സഹായം സ്വീകരിക്കാനുള്ള നിയമങ്ങള്‍ (എഫ്സിആര്‍എ) ലംഘിച്ച്‌ യുഎഇയിലെ റെഡ്ക്രസന്റില്‍ നിന്ന് പണം സ്വീകരിച്ചതിന് സംസ്ഥാന സര്‍ക്കാരിന്റെ തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിക്ക് കരാര്‍ എടുത്ത യുണി ടാക് കമ്ബനി ഉടമയെയാണ് 35 ാം വകുപ്പ് പ്രകാരം ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്നത്.
കേസ് എടുത്തതിന് പിന്നാലെ യൂണി ടാക് ഉടമ സന്തോഷ് ഈപ്പന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തി. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമാണ് സിബിഐ കേസ്. വിദേശ രാജ്യങ്ങളുമായുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ അധികാരമില്ല. ഇതറിയാമെന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള പദ്ധതിക്കെതിരേ വന്ന ആരോപണം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത്.

ഈ വിദേശ സാമ്ബത്തിക ഇടപാട് വെളിയില്‍ വന്നത് സ്വര്‍ണക്കടത്തു കേസില്‍ പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു ലഭിച്ച പണത്തിനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ്. അതുകൊണ്ടുതന്നെ നാല് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ സംയുക്ത ഇടപെടലുകള്‍ ഈ കേസിലുണ്ടാകും; എന്‍ഐഎ, ഇഡി, കസ്റ്റംസ്, സിബിഐ.

ഈ പദ്ധതിയുടെ കരാറിനെക്കുറിച്ച്‌ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രത്യേക പദ്ധതിയുടെ തലവനാണ്. എഫ്സിആര്‍എ പ്രകാരം പണം സ്വീകരിക്കുന്നതിനുള്ള നിയമങ്ങള്‍ മറികടന്ന് സഹായം സ്വീകരിച്ചതിന് മുഖ്യമന്ത്രിയുടെ ഓഫീസും വിശദീകരണം നല്‍കേണ്ടിവരും.

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ പദ്ധതിയാണ്. അതിനാല്‍ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍, വകുപ്പ് സെക്രട്ടറി ടി.കെ. ജോസ്, ലൈഫ് മിഷന്‍ ചെയര്‍മാന്‍ യു.വി. ജോസ്, മുഖ്യമന്തിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ എന്നിവരുള്‍പ്പെടെ പലരും കേസില്‍ സിബിഐയുടെ അന്വേഷണ പരിധിയില്‍ വരും.

വ്യവസായ വകുപ്പുമന്ത്രി ഇ.പി. ജയരാജന്‍, സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ എടുത്ത കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷ് എന്നിവരെ കൂടാതെ ഈ കേസ് സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ്, കേസിനെക്കുറിച്ച്‌ അഭിപ്രായം പരസ്യമായി പറഞ്ഞ ധനമന്ത്രി ഡോ. തോമസ് ഐസക് തുടങ്ങിയവരില്‍നിന്നും സിബിഐ വിശദീകരണം തേടും.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

തിരുവനന്തപുരം: സര്‍ണക്കടത്തു കേസില്‍ എന്‍ഐഎ എത്തിയതിനു പിന്നാലെ ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. റെഡ്ക്രസന്റുമായുള്ള ലൈഫ് പദ്ധതി വിദേശകാര്യ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാര്‍ത്ത ജന്മഭൂമിയാണ് ആദ്യം പുറത്ത് കൊണ്ടുവന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ്ക്രസന്റുമായി കരാറില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍. സിബിഐയോട് മുഖ്യമന്ത്രിയും പലതും വിശദീകരിക്കേണ്ടി വരും. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയാലും സിബിഐയുടെ തെളിവെടുപ്പില്‍ ഇത് പെടും. ചിത്രത്തിലുള്ള എല്ലാവരെയും ചോദ്യം ചെയ്യേണ്ടതായി വരും. മുഖ്യമന്ത്രിയെ സിബിഐക്ക് ഒഴിവാക്കാനാകില്ല.

റെഡ്ക്രസന്റുമായി കരാറില്‍ ഒപ്പിട്ടത് ചട്ടവിരുദ്ധമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നപ്പോഴും ഇതില്‍ ഒരു തെറ്റുമില്ലെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചിരുന്നത്. സിബിഐ വരുമെന്ന് കണ്ടതോടെയാണ് കഴിഞ്ഞദിവസം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

സിബിഐ കൂടി സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് നടന്നു വരുന്ന അഴിമതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എല്ലാം സംസ്ഥാനത്ത് തമ്ബടിക്കുന്ന അവസ്ഥയിലാകും.

Related posts

Leave a Comment