ലൈം​ഗിക ബന്ധം നടന്നിരിക്കാം, പക്ഷേ ബലാത്സം​ഗമല്ല; കന്യാസ്ത്രീക്ക് വിനയായത് മൊഴിയിലെ വൈരുദ്ധ്യവും സാഹചര്യ തെളിവുകളും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയതിന് കാരണങ്ങള്‍ ഇങ്ങനെ

കൊച്ചി: കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഇവര്‍ തമ്മില്‍ ലൈംഗീക ബന്ധം നടന്നിരിക്കും പക്ഷെ അത് ബലാത്സം​ഗമായി കണക്കാക്കാന്‍ സാധ്യമല്ലെന്ന് കോടതി. കന്യാസ്ത്രീയും ബിഷപ്പുമായി തമ്മിലുള്ള ബന്ധത്തിലാണ് കോടതി സംശയം ഉന്നയിക്കുന്നത്. പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴിയില്‍ ധാരാളം പൊരുത്തക്കേടുകള്‍ നിലനിന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവില്‍ ഇതേക്കുറിച്ച്‌ പറയുന്നത്. കൂടാതെ ഇവര്‍ തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു എന്ന കാരണവും കണക്കിലെടുത്തുതാണ് പീഡന ആരോപണത്തെ കോടതി നിഷേധിക്കുന്നത്. 13 തവണ പീഡനം നടന്നു അത് കോണ്‍വെന്റിംന് ഇരുപതാം നമ്ബര്‍ മുറിയിലാണ് എന്നാണ് ആരോപണം ഉന്നയിച്ചത്. ഇത്തരത്തില്‍ പീഡന ശ്രമം ഉണ്ടായിട്ടും അത് ആരും കേട്ടില്ലെന്നത് വിശ്വാസ യോഗ്യമല്ലെന്ന് കോടതി വിധിയില്‍ പരാമര്‍ശിക്കുന്നു. കൂടാതെ ഈ മുറിക്ക് വെന്റിലേഷന്‍ ഉണ്ട്, തൊട്ടടുത്ത മുറികളില്‍ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കാനായില്ലെന്നും കോടതി വിധിയില്‍ പറയുന്നു.

അതേസമയം ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തില്‍ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു. പരാതി നല്‍കിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷന്‍ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈല്‍ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസിന് വലിയ വീഴ്‌ച്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.

ബിഷപ്പ് ബലം പ്രയോഗിച്ച്‌ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളില്‍ എങ്ങും കാണാനില്ല, ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ലെന്നുമാണ് കോടതി വിധിയില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കന്യാസ്ത്രീ പിന്നീട് നല്‍കിയ മൊഴികളെ കോടതി മുഖവിലക്ക് എടുക്കുകയും ചെയ്തില്ല. മൊഴിയെടുത്ത പൊലീസുദ്യോഗസ്ഥരെ വിശ്വസമില്ലാത്തതുകൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. കന്യാസ്ത്രീ ചില കാര്യങ്ങള്‍ മനഃപൂര്‍വം മറച്ചുവെച്ചു എന്ന് ഇതില്‍ നിന്ന് വ്യക്തമെന്നും ഉത്തരവില്‍ പറയുന്നു.

ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങള്‍ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ മൊബൈല്‍ ഫോണ്‍ ആക്രിക്കാരന് കൊടുത്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ല, ബിഷപ്പിന്റെ ശല്യം കൊണ്ടാണ് സിം കാര്‍ഡ് അടക്കം ഫോണ്‍ ഉപേക്ഷിച്ചതെന്നാണ് മൊഴി, പിന്നാലെ പുതിയ ഫോണ്‍ അടക്കം കന്യാസ്ത്രീ വാങ്ങുകയും ചെയ്തു. ഇതില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ വിശ്വാസ യോഗ്യമായ അന്വേഷണം പൊലീസില്‍ നിന്ന് ഉണ്ടായില്ലെന്ന് കോടതി വിമര്‍ശിച്ചു.

കന്യാസ്ത്രീയുടെ ലാപ്‌ടോപ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ബിഷപ്പിനെതിരെ പരാതി നല്‍കി മാസങ്ങള്‍ക്ക് ശേഷം നിര്‍ണായക വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കേടായി എന്നതും മുഖവിലക്ക് എടുക്കാനാകില്ല. ലാപ്‌ടോപ്പിലെ വിവരങ്ങള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നുവെന്ന് കോടതി പറയുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇതിലൂടെ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും വിധിയില്‍ പറയുന്നു.

ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന ആരോപിക്കപ്പെടുന്ന ദിവസങ്ങള്‍ക്കുശേഷം കന്യാസ്ത്രീയുമായി ഇ മെയില്‍ സന്ദേശങ്ങളുണ്ട്. ഫോര്‍മല്‍ ലെറ്റര്‍ അല്ലെന്നും ഏറെ സൗഹൃദാന്തരീക്ഷത്തിലാണ് ഈ കത്തുകളെന്നും കോടതി നിരീക്ഷിച്ചു. 2016 മാര്‍ച്ച്‌ വരെ ഇരുവരും തമ്മില്‍ ഊഷ്മളമായ സൗഹൃദം നിലനിന്നെന്നും വ്യക്തം. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ബിഷപ്പും കന്യാസ്ത്രീയും സഹോദരിയുടെ വീട്ടിലെ ചടങ്ങില്‍ ഒരുമിച്ച്‌ പങ്കെടുത്തിട്ടുണ്ട്, ചിരിച്ചുകൊണ്ടാണ് കന്യാസ്ത്രി ബിഷപ്പിനോട് ഇടപെടുന്നത്, എന്നാല്‍ ദുഃഖിതയായിരുന്നെന്നാണ് കന്യാസ്ത്രീയുടെ മൊഴി, ഇതിലും പൊരുത്തക്കേടുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ബലാത്സംഗത്തിന് ഇരയായശേഷം ഇടപെടുന്നതുപോലെയല്ല സംഭവത്തിന് തൊട്ടടുത്ത ദിവസം കന്യാസ്ത്രി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതി നിരീക്ഷിച്ചത്. സന്തോഷത്തോടെയാണ് ഇടപെട്ടതെന്ന് വീഡിയോകളും ചിത്രങ്ങളും സാക്ഷപ്പെടുത്തുന്നു. സംഭവത്തിനുശേഷവും ബിഷപ്പും കന്യസ്ത്രീയും സൗഹൃദത്തോടെ അടുത്ത് ഇടപഴകിയിരുന്നെന്നും കോടതി പറയുന്നു. ബലാത്സംഗം നടന്നു എന്ന് പറയപ്പെടുന്ന ദിവസത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച്‌ യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് ഒപ്പമുള്ളവരുടെ മൊഴി. അതുകൊണ്ടുതന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷന്‍ ആരോപണവും പൂര്‍ണ വിശ്വാസയോഗ്യമല്ലെന്നും വിധിയില്‍ പറയുന്നു.

കന്യാസ്ത്രീ പീഡനപരാതി നല്‍കാന്‍ വൈകിയതും നിര്‍ണായകമായി. ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴിമാത്രം കോടതി വിശ്വാസത്തില്‍ എടുക്കാറുണ്ടെങ്കിലും ഈ കേസില്‍ കന്യാസ്ത്രീയുടെ മൊഴി നൂറുശതമാനം വിശ്വസനീയമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ല. വിസ്തരിച്ച 39 സാക്ഷികളില്‍ ഒരാള്‍പോലും കൂറുമാറിയിരുന്നില്ല. എന്നിട്ടും പ്രതിഭാഗത്തിന് വിജയിക്കാനായി. സാക്ഷിമൊഴികളിലൊന്നും പീഡനപരാതി സാധൂകരിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. കന്യാസ്ത്രീക്കെതിരേ ബിഷപ്പ് നടപടിയെടുത്തതിന്റെ പ്രതികാരമാണ് പരാതിക്കു കാരണമെന്നാണ് പ്രതിഭാഗം വാദിച്ചത്.

കന്യാസ്ത്രീയുടെ ബന്ധുവായ യുവതി, കന്യാസ്ത്രീക്കെതിരേ ജലന്ധര്‍ കോണ്‍ഗ്രിഗേഷനില്‍ നല്‍കിയ പരാതിയും ഈ കേസില്‍ പ്രതിഭാഗത്തിന് നിര്‍ണായകമായി. ഈ പരാതിയില്‍, ബിഷപ്പ് അന്വേഷണത്തിന് ഒരുങ്ങിയതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം വഷളായതെന്നും കന്യാസ്ത്രീ പരാതി നല്‍കിയതെന്നും പ്രതിഭാഗം ഉന്നയിച്ചു. 2017 ഫെബ്രുവരിയിലാണ് കന്യാസ്ത്രീയെ കേരളത്തിന്റെ ചുമതലയില്‍നിന്ന് നീക്കിയത്. മേയില്‍ മദര്‍ സുപ്പീരിയര്‍സ്ഥാനത്തുനിന്ന് നീക്കി. ബിഷപ്പിനെതിരേ കുറവിലങ്ങാട് പള്ളിവികാരിക്കാണ് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത്. 2017 നവംബര്‍ 24-ന് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പരാതി നല്‍കി. ഈ പരാതികളില്‍ സഭാതര്‍ക്കങ്ങള്‍ മാത്രമാണ് ഉന്നയിച്ചിരുന്നത്. ലൈംഗികപീഡനം ഉന്നയിച്ചിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന സിസ്റ്റര്‍ അനുപമയുടെ അഭിമുഖവും പ്രതിഭാഗത്തിന് പിടിവള്ളിയായി. ബിഷപ്പിന്റെ പീഡനത്തെക്കുറിച്ച്‌ പലരോടും പറഞ്ഞെന്നായിരുന്നു കന്യാസ്ത്രീയുടെ വാദം. കേസായപ്പോഴാണ് പീഡിപ്പിച്ചെന്ന പരാതിയെക്കുറിച്ച്‌ അറിഞ്ഞതെന്നാണ് സിസ്റ്റര്‍ അനുപമ പറഞ്ഞത്. പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ വാദം പലരും നേരത്തേ അറിഞ്ഞിരുന്നില്ലെന്ന് പ്രതിഭാഗത്തിന് ഉന്നയിക്കാനായി.

അതേസമയം വിധി പകര്‍പ്പിന്റെ പൂര്‍ണ രൂപം പുറത്തുവന്ന സാഹചര്യത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഇന്ന് പ്രതികരിച്ചേയ്ക്കും. അതിജീവിതയുടെ ആരോപണങ്ങളെ നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി കന്യാസ്ത്രീകളെ വിമര്‍ശിച്ചിരുന്നു. അതിജീവിതയുടെ ആരോപണം അതിഭാവുകത്വം ഉള്ളതെന്നും കോടതി വിമര്‍ശിച്ചിരുന്നു. അതിജീവിത സ്വാര്‍ത്ഥ താല്പര്യക്കാരന്‍ സ്വാധീനിക്കപ്പെട്ടെന്നും കോടതി പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകളുടെ പ്രതികരണം പ്രതീക്ഷിക്കുന്നത്. രാത്രി വൈകി കോട്ടയത്തെ ധ്യാനകേന്ദ്രത്തില്‍ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ ഇന്ന് പി സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും.

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

Related posts

Leave a Comment