ബംഗളൂരു : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് യുവനടി രാഗിണി ദ്വിവേദിയെ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. നടിയുടെ നാലു മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിന് രാഗിണി ഇന്ന് ഹാജരാകാനിരിക്കെയാണ് സിസിബി ( സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ) അതിനാടകീയമായി റെയ്ഡ് നടത്തിയത്.
പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. യെലഹങ്കയിലെ ഫ്‌ലാറ്റിലെ റെയ്ഡിനിടെയാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടിരുന്നെങ്കിലും, അഭിഭാഷകരെ കണ്ട നടി സമയം നീട്ടി ചോദിക്കുകയായിരുന്നു.
ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു. ലഹരി വിവാദവുമായി ബന്ധപ്പെട്ട് രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്തബന്ധമുള്ളതയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന.
ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഞ്ജന ഇപ്പോള്‍ ബംഗലൂരുവിലില്ല എന്നാണ് റിപ്പോര്‍്ട്ടുകള്‍.