ലഖ്‌വിക്ക് മാസം 1.5 ലക്ഷം രൂപ അനുവദിച്ച്‌ യു.എന്‍ രക്ഷാ കൗണ്‍സില്‍ : കനത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: 26/11 ആക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വിക്ക് പ്രതിമാസം ചെലവിന് 1.5 ലക്ഷം രൂപ അനുവദിച്ച യുഎന്‍ രക്ഷാ കൗണ്‍സില്‍ ഉപരോധ സമിതിയുടെ നടപടിയില്‍ കനത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ.

ഭക്ഷണത്തിന് 50,000 രൂപ, മരുന്നിന് 45,000 രൂപ, മറ്റാവശ്യങ്ങള്‍ക്ക് 20,000 രൂപ, അഭിഭാഷക ഫീസ് 20,000 രൂപ, ഗതാഗതത്തിന് 15,000 രൂപ എന്നിങ്ങനെയാണ് സാക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വിക്ക് അനുവദിച്ചിട്ടുള്ള തുക. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ പാക് സര്‍ക്കാര്‍ യുഎന്‍ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് 1.5 ലക്ഷം പാകിസ്ഥാന്‍ റുപ്പി നല്‍കാന്‍ സമിതി അനുമതി നല്‍കിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം യുഎന്‍ സമിതി ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ലഖ്‌വി 2015 മുതല്‍ ജാമ്യത്തിലാണ്.
നേരത്തെ, ലഖ്‌വിയുടെ ജയില്‍വാസം തട്ടിപ്പാണെന്ന ആരോപണവുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. അതേസമയം, ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ആണവ ശാസ്ത്രജ്ഞനായ മഹമൂദ് സുല്‍ത്താന്‍ ബാഷിറുദീനു മാസച്ചെലവിന് പണം നല്‍കാനും യുഎന്‍ സമിതി അനുമതി നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ പട്ടികയിലുള്ള ഉമ്മാ തമീര്‍ ഇ നൗ എന്ന സംഘടനയുടെ സ്ഥാപകനാണ് മഹമൂദ്‌.

Related posts

Leave a Comment