ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാദമാണ് പരിശോധനയില്‍ പൊളിഞ്ഞത്. 37കാരിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍

ദക്ഷിണാഫ്രിക: ( 23.06.2021) ഗിന്നസ് റെകോര്‍ഡ് ആണെന്ന അവകാശവാദത്തോടെ ദക്ഷിണാഫ്രികക്കാരി ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാര്‍ത്ത അന്തര്‍ദേശീയ തലത്തില്‍ വൈറലായതോടെ ഗര്‍ഭിണി ആയിരുന്നെന്ന 37കാരിയുടെ വാദം പോലും തെറ്റാണെന്ന് കണ്ടെത്തല്‍. ഗോസിയാമേ താമര സിത്തോളെ എന്ന 37 കാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാദമാണ് പരിശോധനയില്‍ പൊളിഞ്ഞത്.
ജൂണ്‍ 8നായിരുന്നു ഗൗടേങ് പ്രവിശ്യയിലെ 37കാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാര്‍ത്ത പുറത്ത് വന്നത്. പ്രാദേശിക മേയര്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്ത ചര്‍ച്ചയായി. വാര്‍ത്ത വന്നതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദമ്ബതികള്‍ക്ക് ധനസഹായം എത്തിയിരുന്നു. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ഗോസിയാമേ താമര സിത്തോളെക്ക് പിറന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.
ഈ വാര്‍ത്ത ഗിന്നസ് റെകോര്‍ഡ് ആണെന്ന അവകാശവാദത്തോടെയായിരുന്നു ദക്ഷിണാഫ്രികയിലെ പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം നല്‍കിയത്. എന്നാല്‍ യുവതി താമസിക്കുന്ന ഗൗടേങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം റിപോര്‍ട് ചെയ്യാതെ വരികയും ഏത് ആശുപത്രിയിലാണ് കുട്ടികള്‍ ഉണ്ടായതെന്ന കാര്യം വിശദമാക്കുകയും ചെയ്യാതെ വന്നതോടെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്.
യുവതിയെ പരിശോധിച്ചതില്‍ നിന്ന് ഗോസിയാമേ താമര സിത്തോളെ ഗര്‍ഭിണിയേ ആയിരുന്നില്ലെന്നാണ് കണ്ടെത്തിയെന്നാണ് ബിബിസി റിപോര്‍ട്. ഇതോടെ കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സാ സഹായം യുവതിക്ക് നല്‍കുന്നുണ്ട്.
പ്രാദേശിക മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ഓണ്‍ലൈന്‍ ആണ് വിവരം ആദ്യം പുറത്ത് വിട്ടത്. പിന്നീട് യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന വാദവും ഇവര്‍ തള്ളി. ആശുപത്രിയുടെ ചികിത്സാ പിഴവ് മറയ്ക്കാനുള്ള ശ്രമമാണ് പുതിയ വാദമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് ഓണ്‍ലൈന്‍ അവകാശപ്പെടുന്നത്.
സ്റ്റീവ് ബികോ അകാദമിക് ആശുപത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ഗൗടേങ് പ്രവിശ്യ അധികൃതരുടെ ശ്രമമാണ് ഈ പരിശോധനാ ഫലമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് ഓണ്‍ലൈന്‍ വാദിക്കുന്നത്.
ആറുവയസു പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മയെ ജൊഹനാസ്‌ബെര്‍ഗിന് സമീപമുള്ള ഒരു പള്ളിയില്‍ വച്ചാണ് ഇന്‍ഡിപെന്‍ഡന്റ് ഓണ്‍ലൈന്‍ ലേഖകര്‍ ആദ്യം കണ്ടെത്തിയതെന്നാണ് വാര്‍ത്തയില്‍ മാധ്യമം അവകാശപ്പെടുന്നത്. എന്തുതന്നെ ആയാലും ഇത്തരമൊരു വാദം ഉയര്‍ത്താനുണ്ടായ സാഹചര്യമെന്താണെന്ന് ഇനിയും വ്യക്തമല്ല.

Related posts

Leave a Comment