റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം ;കൈയ്യടി നേടി ‘മൂന്നാം നിയമം’

അവിവേകം എന്ന ഷോര്‍ട്ട് ഫിലിമിനു ശേഷം സണ്‍ഡേ സിനിമാസിന്റെ ബാനറില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രം മൂന്നാം നിയമം (അവിവേകം2) റിലീസ് ചെയ്തു. ശ്രീരാജ് എസ്.ആര്‍ ആണ് ചിത്രത്തിന്റെ കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. രക്ത ദാനത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ‘അവിവേകം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമായിരുന്നു. ഇതേ ടീമിന്റെ രണ്ടാം ചിത്രമാണ് മൂന്നാം നിയമം(അവിവേകം2).

സമകാലിക വിഷയങ്ങളെ വളരെ ലളിതമായ രീതിയില്‍ അവതരിപ്പിക്കാനും അത് സംശയത്തിനിട നല്‍കാത്ത വിധം പ്രേക്ഷകരിലേക്ക് എത്തിക്കാനും സംവിധായകന്‍ ശ്രീരാജ് എസ്.ആറിന് കഴിഞ്ഞു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. അടുത്തിടെ കേരളത്തില്‍ നടന്ന, അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആവിഷ്‌കരിച്ച സംവിധായകന്‍ ഒരേ സമയം തന്നെ സമകാലിക വിഷയങ്ങളെ വിമര്‍ശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

പ്രധാനമായും എടുത്തു പറയേണ്ടത് സര്‍ ഐസക് ന്യൂട്ടന്റെ ‘മൂന്നാം നിയമ’ത്തില്‍ പറയുന്ന എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന തത്വത്തെ സമകാലിക വിഷങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. ഇതിനായി മൂന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. കൈക്കൂലി, ലഹരിയുടെ ഉപയോഗം, വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത. ഒപ്പം അടുത്തിടെ നടന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളും അക്ഷേപഹാസ്യമെന്ന തരത്തില്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തമാശയും സെന്റിമെന്റ്‌സും കോര്‍ത്തിണക്കി ചിത്രീകരിച്ചിരിക്കുന്ന മൂന്നാം നിയമം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

രതീഷ് വരദ, ജിബി കൊട്ടാരക്കര, അഖിലേഷ് മുരുഗന്‍, രാജേഷ് ജയകുമാരന്‍, ആതിര, നിഖില്‍ രാജ്, സുഭാഷ് ശശിധരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ മോഹനാണ്. ആദര്‍ശ് ബി അനിലാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Related posts

Leave a Comment