തിരുവനന്തപുരം: കുളത്തൂരില്‍ റോഡരികില്‍ യുവാവിന് ക്രൂര മര്‍ദനം. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ് ധനകാര്യ സ്ഥാപന ഉടമയായ ജയചന്ദ്രന് മര്‍ദിച്ചത്. ഇവര്‍ തമ്മിലുണ്ടായ സാമ്ബത്തിക ഇടപാടാണ് മര്‍ദനത്തിന് കാരണമെന്ന് കരുതുന്നു. അജിനിനെ ജയചന്ദ്രന് വടി ഉപയോഗിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സിയുടെ ഭര്‍ത്താവാണ് ജയചന്ദ്രന്.
ബെല്‍സി അംഗമായ ’േപള്‍’ എന്ന നിക്ഷേപ പദ്ധതിയിലേക്ക് ജയചന്ദ്രന് അജിനില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നും പണം ലഭിക്കാതായതോടെ തിരികെ ചോദിച്ചതാണ് ജയചന്ദ്രനെ പ്രകോപിപ്പിച്ചതെന്നുമാണ് ആരോപണം. രോഷാകുലനായ ജയചന്ദ്രന് അജിനിെന്റ മുട്ടിന് താഴെ മര്‍ദിക്കുന്നതും കാലില്‍ നിന്ന് രക്തം ഒഴുകുന്നതുമായ രംഗം സമീപത്തുണ്ടായിരുന്ന നാട്ടുകരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് പുറത്തായത്. നേരത്തേയും അജിനിന് ജയചന്ദ്രനില്‍ നിന്ന് മര്‍ദനമേറ്റിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
അജിനിന് പണം നല്‍കാനില്ലെന്നും മദ്യപിച്ച് വീട്ടില്‍ എത്തി നിരന്തരം ശല്യം ചെയ്യുന്ന ആളാണെന്നും ബെല്‍സി പറഞ്ഞു. അത്തരത്തില്‍ കതകിന് മുട്ടുകയും മറ്റും ചെയ്തതിനാലാണ് ഭര്‍ത്താവ് മര്‍ദിച്ചതെന്നും അവര്‍ പറഞ്ഞു.