തിരുവനന്തപുരം-മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ രജിസ്റ്റര്‍ ചെയ്ത് പാസ് വാങ്ങിയ 44,000ത്തോളംപേരുടെ ക്വാറന്റൈന്‍ നടപടികള്‍ക്ക് ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. റെഡ് സോണുകളില്‍ നിന്നുള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക പ്രത്യേകം പ്രത്യേകമായി തയ്യാറാക്കി ഇവര്‍ക്ക് സുരക്ഷിതമായ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഉടന്‍ സജ്ജമാക്കാനുള്ള നടപടികളാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയായി വരുന്നത്. റെഡ് സോണുകളില്‍ നിന്നുള്ളവര്‍ക്ക് രോഗസാദ്ധ്യത കൂടുതലായതിനാല്‍ അവര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ മേഖല സജ്ജമാക്കേണ്ടതുണ്ട്.
റെഡ് സോണില്‍ നിന്നെത്തുന്നവരുടെ ക്വാറന്റൈന്‍ സംബന്ധിച്ച ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രജിസ്ട്രേഷനും പാസ് നല്‍കലും തല്‍ക്കാലം നിര്‍ത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരെ സര്‍ക്കാര്‍ ക്വാറന്റീനില്‍ 14 ദിവസം താമസിപ്പിക്കണമെന്ന തീരുമാനത്തെത്തുടര്‍ന്നാണിത്. ഇന്നു വൈകിട്ടോ നാളെയോ രജിസ്ട്രേഷന്‍ പുനരാരംഭിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ആറ് ചെക്ക് പോസ്റ്റുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് വരാനുള്ളവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 44,000 പേര്‍ക്ക് മേയ് 17 വരെ കളക്ടര്‍മാര്‍ പാസ് അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിശ്ചിത തീയതികളില്‍ എത്താം. കഴിഞ്ഞ 4 ദിവസത്തിനിടെ 13,000 പേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നത്. ഇവരില്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് എത്രപേരുണ്ടെന്ന് വ്യക്തമല്ല.