ന്യൂദല്‍ഹി: റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്ക് വാക്‌സിന്റെ ആദ്യബാച്ച് ഇന്ത്യയില്‍ ഇന്നെത്തും. ജൂണിനകം 50 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ തന്നെ വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്ബനിയായ ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സീന്‍ എത്തുക. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സീന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്ബനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയ്ക്ക്് ആവശ്യമായ വാക്‌സിന്‍ ഉദ്പാദിപ്പിച്ചശേഷം കയറ്റുമതി സാധ്യതകളും കമ്ബനി തേടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. പ്രസിഡന്റ് പുടിന്‍ ഇന്ത്യന്‍ ജനതയോടും ഗവണ്മെന്റിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇക്കാര്യത്തില്‍ റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ, റഷ്യ, മൂന്നാം രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനായി റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന തീരുമാനം നേതാക്കളുടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതിന്റെ തുടര്‍ച്ചയായാണ് സ്പുട്‌നിക്ക് ഇന്ത്യയിലേക്ക് എത്തുന്നത്.
4.5 ലക്ഷം റെംഡിസിവിര്‍ ഇറക്കുമതി ഇന്ത്യ ഇറക്കുമതി ചെയ്യും. യുഎസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നാണ് റെംഡിസിവിര്‍ എത്തിക്കുന്നത്. യുഎസില്‍ നിന്നുള്ള ഒരു ലക്ഷം ഡോസ് ഇന്നെത്തും.